ന്യൂഡൽഹി : രാഷ്‌ട്രപതി ഭവനിലെ അതിമനോഹരമായ പൂന്തോട്ടം ഇനിയറിയപ്പെടുക അമൃത് ഉദ്യാന്‍ എന്ന്. മുഗള്‍ ഗാര്‍ഡന്‍ എന്ന പേര് കേന്ദ്രസര്‍ക്കാര്‍ മാറ്റുകയായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് പുനര്‍നാമകരണം.
‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലാണ് ‘അമൃത് ഉദ്യാൻ’ എന്നാക്കിയതെന്നാണ് കേന്ദ്ര വിശദീകരണം. അമൃത് ഉദ്യാന്‍ നാളെ(29-1-2023) രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും. ദ്രൗപതി മുർമുവിന്‍റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്‌തയാണ് ഇക്കാര്യം അറിയിച്ചത്.
ബ്രിട്ടീഷ് ഭരണകാലം മുതൽ മുഗൾ ഉദ്യാൻ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. കൊളോണിയൽ കാലഘട്ടത്തിന്‍റെയും അതിന് മുൻപുള്ള അധിനിവേശങ്ങളുടെയും സ്വാധീനം പൂർണമായി ഒഴിവാക്കുന്നതിനാണ് പേര് മാറ്റുന്നതെന്നുമാണ് പ്രതികരണം.
വൈവിധ്യങ്ങളുടെ മുഗൾ ഗാർഡന്‍ : 1917ൽ എഡ്വിൻ ല്യൂട്ടൻസാണ് ഉദ്യാനം രൂപകൽപ്പന ചെയ്‌തത്. ജമ്മു കാശ്മീരിലെ മുഗൾ ഉദ്യാനങ്ങൾ, താജ്‌മഹലിന് ചുറ്റുമുള്ള പൂന്തോട്ടങ്ങൾ, ഇന്ത്യയുടെയും പേർഷ്യയുടെയും ചെറിയ പെയിന്‍റിങ്ങുകള്‍ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പൂന്തോട്ടത്തിന്‍റെ ഡിസൈൻ തയ്യാറാക്കിയത്. ഉദ്യാന നിര്‍മിതിയ്ക്ക് പേര്‍ഷ്യന്‍ രീതിയുടെ സ്വാധീനമുണ്ട്.
രാഷ്‌ട്രപതി ഭവനെ അത്യാകര്‍ഷകമാക്കുന്നതില്‍ ഉദ്യാനം പ്രധാന പങ്കാണ് വഹിക്കുന്നത്. പതിനഞ്ച് ഏക്കറോളം വിസ്‌തൃതിയിലാണ് ഉദ്യാനം വ്യാപിച്ച് കിടക്കുന്നത്. ദീര്‍ഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലര്‍ന്ന ഡിസൈനിലാണ് ഉദ്യാനം. വിവിധ തരത്തിലുള്ള പൂക്കളാണ് ഇവിടെയുള്ളത്.
അതിൽ പ്രധാനം റോസാപുഷ്‌പങ്ങളാണ്. 159 വ്യത്യസ്‌ത തരത്തിലുള്ള റോസാച്ചെടികളാണ് ഇവിടെയുള്ളത്. ഔഷധത്തോട്ടം, കാഴ്‌ച വൈകല്യമുള്ളവർക്കുള്ള ടാക്റ്റൈൽ ഗാർഡൻ, മ്യൂസിക്കല്‍ ഗാര്‍ഡൻ, സ്‌പിരിച്വല്‍ ഗാര്‍ഡൻ എന്നിവയുമുണ്ട്. ഈസ്‌റ്റ് ലോൺ, സെൻട്രൽ ലോൺ, ലോംഗ് ഗാർഡൻ, സർക്കുലർ ഗാർഡൻ എന്നിവ ഉൾപ്പെടുന്നതാണ് അമൃത് ഉദ്യാൻ.
പൊതുജനങ്ങൾക്ക് സന്ദർശിക്കാം : ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നുനൽകും. സാധാരണയായി ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഒരുമാസക്കാലമാണ് പെതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കുന്നത്. ഇത്തവണ കര്‍ഷകര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടി പൂന്തോട്ടം സന്ദർശിക്കാൻ സാധിക്കുന്നതിന് വേണ്ടിയാണ് സന്ദര്‍ശനസമയം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് നവിക ഗുപ്‌ത പറഞ്ഞു.
രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ 'രാജ്‌പഥ് ' പേര് മാറ്റി 'കര്‍ത്തവ്യ പഥ്' എന്ന് പുനഃർനാമകരണം ചെയ്‌തതിന് പിന്നാലെയാണ് മുഗൾ ഗാർഡന്‍റെ പേരും മാറ്റിയത്. ചരിത്ര സ്‌മാരകങ്ങളുടേയും സ്ഥലങ്ങളുടേയും പേര് മാറ്റുന്നത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായാണ്.