ജയ്‌പൂർ: രാജസ്ഥാനിൽ പീഡനത്തിരയായ പെൺകുട്ടിയെ തീ കൊളുത്തിക്കൊന്നു. ഹനുമാൻഗഡ് ജില്ലയിലെ ഗോലുവാല ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഈ പെൺകുട്ടി നൽകിയ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നര വർഷമായി ജാമ്യത്തിൽ കഴിഞ്ഞിരുന്ന പ്രദീപ് ബിഷ്നോയ് എന്നയാളാണ് പെൺകുട്ടിയെ തീ കൊളുത്തി കൊന്നതെന്ന് ഇരയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ബിക്കാനീറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അവസ്ഥ വഷളായതോടെ ഇന്നലെ പെൺകുട്ടിയെ ജയ്പൂരിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. തങ്ങൾക്കെതിരെ ബിഷ്നോയ് കഴിഞ്ഞ 15 ദിവസമായി ഭീഷണി മുഴക്കിയിരുന്നുവെന്ന് മരിച്ച പെൺകുട്ടിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ബിഷ്നോയിയെ ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യം പരിശോധിച്ചതിൽ നിന്നും പ്രതിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.