വിശാഖപട്ടണം: ബോളിവുഡ് ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്‌ത്രയുടെ പ്രമോഷന്‍റെ ഭാഗമായി വിശാഖപട്ടണത്തെത്തിയ രൺബീർ കപൂർ, എസ് എസ് രാജമൗലി, സംവിധായകൻ അയാൻ മുഖർജി എന്നിവർക്ക് ഗംഭീര സ്വീകരണം നൽകി ആരാധകർ. വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച ഇവരെ ഘോഷയാത്രയായാണ് പരിപാടി നടക്കുന്ന തിയേറ്ററിലേക്ക് എത്തിച്ചത്. ഇതിനിടെ ക്രെയിനിന്‍റെ സഹായത്തോടെ രാജമൗലിക്കും രൺബീർ കപൂറിനും കൂറ്റൻ ഹാരം ആരാധകർ ചാർത്തി.
രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്‌ത്രയുടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ വിതരണം രാജമൗലിയാണ് ഏറ്റെടുത്തിരിക്കുന്നത്. പുരാണ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മൂന്ന് ഭാഗങ്ങളിലായി എടുക്കുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പര്‍താരം നാഗാർജുനയും, നടി മൗനി റോയിയും പ്രധാന റോളുകളില്‍ എത്തുന്നുണ്ട്.
'കരൺ ജോഹർ എന്നെ സമീപിച്ച് ഒരു വലിയ പ്രോജക്‌റ്റ് നിർമ്മിക്കാൻ പോകുകയാണെന്ന് പറഞ്ഞു. കഥ കേൾക്കാനും ഇഷ്ടപ്പെട്ടാൽ വിതരണാവകാശം ഏറ്റെടുക്കണമെന്നും എന്നോട് ആവശ്യപ്പെട്ടു. അതിന് ഞാൻ ഓകെ പറഞ്ഞു. തുടർന്ന് സംവിധായകൻ അയാൻ മുഖർജി 'ബ്രഹ്മാസ്‌ത്ര'യുടെ കഥ പറഞ്ഞു. അദ്ദേഹത്തിന്‍റെ തിരക്കഥയും സിനിമയോടുള്ള താൽപര്യവും എന്നെ വല്ലാതെ ആകർഷിച്ചു', രാജമൗലി പറഞ്ഞു.
ഫാന്‍റസി, സാഹസികത, നന്മ, തിന്മ, സ്‌നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേർന്ന ഒരു മഹാകാവ്യമാണ് ബ്രഹ്മാസ്‌ത്ര എന്നാണ് അണിയറ പ്രവര്‍ത്തകർ അവകാശപ്പെടുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ തിരക്കഥ ഹുസൈന്‍ ദലാലും അയാന്‍ മുഖര്‍ജിയും ചേര്‍ന്നാണ് എഴുതിയത്. പങ്കജ് കുമാര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിക്കുന്നു.
READ MORE: രണ്‍ബീർ-ആലിയ ജോഡിയുടെ ബ്രഹ്മാണ്ഡ ചിത്രം, 'ബ്രഹ്മാസ്‌ത്ര' ട്രെയിലർ ജൂണ്‍ 15ന്
ആരാധകരുടെ സ്‌നേഹത്തിനും പിന്തുണക്കും രണ്‍ബീർ കപൂറും നന്ദി രേഖപ്പെടുത്തി. 'ഇത്രയധികം സ്‌നേഹവും വാത്സല്യവും എനിക്ക് നൽകുന്നതിൽ അതിയായ സന്തോഷമുണ്ട്. എന്‍റെ നാട്ടിൽ പോലും ഇത്രയും ജനപിന്തുണ ഞാൻ കണ്ടിട്ടില്ല. എല്ലാവർക്കും നന്ദി. രജനീകാന്ത്, കമൽഹാസൻ, ചിരഞ്‌ജീവി, പവൻ കല്യാൺ, എൻടിആർ, രാംചരൺ തുടങ്ങി എല്ലാവരുടേയും അഭിനയം എനിക്ക് ഇഷ്‌ടമാണ്. പ്രഭാസിന്‍റെ ഒരു വലിയ ആരാധകനാണ് ഞാൻ', രണ്‍ബീർ പറഞ്ഞു.
സ്റ്റാർ സ്റ്റുഡിയോ, ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ട്രെയിലർ ജൂണ്‍ 15ന് പുറത്തിറങ്ങും. സെപ്‌റ്റംബർ ഒമ്പതിന് ബ്രഹ്മാസ്‌ത്രയുടെ ആദ്യ ഭാഗമായ 'ശിവ' തിയേറ്ററുകളിലെത്തും.