ഹൈദരാബാദ്: ആത്മ സമര്‍പ്പണത്തോടെ അന്ന പാനീയങ്ങള്‍ വെടിഞ്ഞ് നോമ്പുതുറക്കായി കാത്തിരിക്കുന്ന വിശ്വാസിയെ വിവിധ വിഭവങ്ങളൊരുക്കി കാത്തിരിക്കുകയാണ് ഹൈദരാബാദിലെ ചാര്‍മിനാര്‍. നൈസാം രാജഭരണത്തിന്‍റെ അടയാളമായ ചാര്‍മിനാറിന് ചുറ്റും ആയിരങ്ങളാണ് പെരുന്നാള്‍ വിഭവങ്ങളൊരുക്കി സന്ദര്‍ശകരെ കാത്തിരിക്കുന്നത്. തെരുവുകച്ചവടത്തിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തുന്നവരുടെ സുവര്‍ണകാലം കൂടിയണിത്.
ചെറിയ പെരുന്നാളിന് നാളുകള്‍ മാത്രം അവശേഷിക്കെ ഹൈദരാബാദ് നഗരവും ചാര്‍മിനാര്‍ പരിസരവും ജനസമ്പന്നമാണ്. ഹൈദരാബാദി നോമ്പ് തുറ വിഭവങ്ങള്‍ തേടി ആയിരങ്ങളാണ് ചരിത്രമുറങ്ങുന്ന ചാര്‍മിനാർ തെരുവുകളിലേക്ക് എത്തുന്നത്. വിവിധ തരം തുണിത്തരങ്ങള്‍, ഹൈദരാബാദി ബിരിയാണി, ഇറാനി ചായ, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ചാര്‍മിനാറിനും ചുറ്റും തെരുവു കച്ചവടം പൊടുപൊടിക്കുകയാണ്.
പ്രധാനമായും വൈകുന്നേരങ്ങളിലാണ് ഇവിടെ കടകള്‍ സജീവമാകുന്നത്. നോമ്പുതുറക്കും വൈകുന്നേരങ്ങള്‍ ആസ്വദിക്കാനും തനിനാടന്‍ രുചികള്‍ നുകരാനും ആയിരങ്ങളാണ് നാല് മിനാരങ്ങള്‍ക്കും ചുറ്റും എത്തുന്നത്. വളകള്‍ വാങ്ങാനായി ബാങ്കില്‍ സ്ട്രീറ്റിലും (വളകളുടെ തെരുവ്), മുത്തു മാലകള്‍ വാങ്ങാനായി പേള്‍സ് സ്ട്രീറ്റ് (മുത്തുകളുടെ തെരുവ്) എന്നിവിടങ്ങളിലും ആളുകളുടെ തിരക്കാണ്. കൂടാതെ മുസ്ലീം മത വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട സുറുമ, പ്രര്‍ഥനക്ക് ഇടുനുള്ള തൊപ്പികള്‍, സുഗന്ധ ദ്രവ്യങ്ങള്‍, കുര്‍ത്തകള്‍, പൈജാമകള്‍ എന്നിവക്കും വന്‍ തിരക്കാണ്.
വസ്ത്രങ്ങളില്‍ തുന്നിപ്പിടിപ്പിക്കാനുള്ള വിവിധ തരം ഡിസൈന്‍ എബ്രോയ്ഡറികള്‍ക്കും പെരുന്നാള്‍ അടുത്തതോടെ ആവശ്യക്കാര്‍ ഏറിയതായി കച്ചവടക്കാര്‍ പറയുന്നു. കൊവിഡ് കാരണം നഷ്ടമായ കഴിഞ്ഞ വര്‍ഷങ്ങളിലെ റമദാന്‍ കച്ചവടം ഇത്തവണ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് വ്യാപാരികള്‍.
Also Read: സഞ്ചാരികളെ വരവേറ്റ് റാമോജി ഫിലിം സിറ്റി; കാഴ്ചയുടെ പുതുവസന്തം