മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ട്രാവല്‍ ട്രേഡ് ഷോ എക്‌സിബിഷനായ ഒടിഎമ്മില്‍ ശ്രദ്ധേയമായി റാമോജി ഫിലിം സിറ്റിയുടെ സ്‌റ്റാള്‍. ഇന്ത്യയിലെ 30 സംസ്ഥാനങ്ങൾക്കൊപ്പം 50 രാജ്യങ്ങളും മാറ്റുരയ്‌ക്കുന്ന വേദിയിലാണ് റാമോജി ഫിലിം സിറ്റിയുടെ സ്‌റ്റാള്‍ തലയെടുപ്പാകുന്നത്. ഫെബ്രുവരി അഞ്ച് വരെ നീളുന്ന എക്‌സിബിഷന്‍ മുംബൈയിലെ ജിയോ വേൾഡ് കൺവെന്‍ഷൻ സെന്‍ററിലാണ് അരങ്ങേറുന്നത്.
ടൂറിസം ബിസിനസ് മേഖലയെ പ്രോത്സാഹിപ്പിക്കാനായി നടക്കുന്ന മേളയില്‍ ആയിരക്കണക്കിന് ടൂറിസം ബിസിനസ് കമ്പനികളാണ് പങ്കെടുക്കുന്നത്. വിനോദ സഞ്ചാരമേഖലയിലെ വൺ സ്‌റ്റോപ്പ് ഡെസ്‌റ്റിനേഷൻ ഏതെന്ന ചോദ്യത്തിന് അവിടെയെത്തുന്ന സഞ്ചാരികള്‍ക്കെല്ലാം തന്നെ റാമോജി ഫിലിം സിറ്റിയാണെന്നതില്‍ സംശയമില്ല. വിനോദസഞ്ചാരിയെന്ന നിലയില്‍ റാമോജി ഫിലിം സിറ്റി സന്ദർശിക്കുന്നത് വളരെ പ്രധാനമാണെന്ന് മയൂർ ഗെയ്‌ക്‌വാദ് പറയുന്നു.
എന്തുകൊണ്ട് റാമോജി ഫിലിം സിറ്റി: ഒരു ദിവസം മുഴുവൻ നീളുന്ന വിനോദമാണ് ഫിലിം സിറ്റിയുടെ പ്രധാന ആകർഷണം. കുട്ടികൾ മുതൽ മുതിർന്നവരെ വരെ പരിഗണിച്ച് ഇവിടെ പല തരത്തിലുള്ള പരിപാടികളും അരങ്ങേറാറുണ്ട്. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ സിനിമകള്‍ ചിത്രീകരിച്ച റാമോജി ഫിലിം സിറ്റിയില്‍ ഒട്ടേറെ സിനിമ സെറ്റുകളും കാണാം. തീമാറ്റിക് അവധിക്കാല കേന്ദ്രം മുതൽ സിനിമാറ്റിക് ആകർഷണങ്ങൾ വരെ ഉള്‍ക്കൊള്ളിച്ച് ദൈനംദിന തത്സമയ ഷോകൾ, സ്‌റ്റണ്ടുകൾ, റൈഡുകൾ, ഗെയിമുകൾ, കുട്ടികൾക്കുള്ള നിരവധി ആകർഷണങ്ങൾ തുടങ്ങിയവയും റാമോജിക്ക് മാത്രം അവകാശപ്പെടാവുന്ന സവിശേഷതകളാണ്.
ബജറ്റ് ഫ്രണ്ട്‌ലി: സ്‌റ്റുഡിയോ ടൂറുകൾ, ഇക്കോ ടൂറുകൾ, ഭക്ഷണം, ഷോപ്പിങ്, ഹോട്ടലുകൾ തുടങ്ങി വ്യക്തിയുടെ ബജറ്റിന് അനുയോജ്യമായ രീതിയിലുള്ള പാക്കേജുകളും ഫിലിം സിറ്റിയെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു. കൂടാതെ വിന്റർ ഫെസ്‌റ്റ്, ന്യൂ ഇയർ സെലിബ്രേഷന്‍സ്, ഹോളിഡേ കാർണിവൽ, ദസറ മുതൽ ദീപാവലി വരെ നീളുന്ന ഉത്സവ സീസണ്‍ തുടങ്ങി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ റാമോജിയിലുണ്ട്.
അഭിമാനമായി ഫിലിം സിറ്റി: മുംബൈ ഒടിഎമ്മിൽ തങ്ങളുടെ സ്‌റ്റാള്‍ ഉള്‍പ്പെടുത്താനായതില്‍ സന്തോഷമുണ്ട്. എല്ലാം ലഭ്യമാകുന്ന ഒരു വൺ സ്‌റ്റോപ്പ് ഡെസ്‌റ്റിനേഷനാണിത്. ഇവിടെയെത്തുന്നവര്‍ക്ക് ഫിലിം സിറ്റിയെക്കുറിച്ച് വിവരിക്കാനാകുമെന്നും പലരും സ്‌റ്റാളില്‍ അന്വേഷിച്ചെത്തി വിവരങ്ങള്‍ തിരക്കുന്നുവെന്നും റാമോജി ഫിലിം സിറ്റി മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ടിആര്‍എല്‍ റാവു പറഞ്ഞു. ഇത് കേവലം ഡെസ്‌റ്റിനേഷൻ പ്രൊമോഷൻ മാത്രമല്ലെന്നും വിനോദ സഞ്ചാരികള്‍ക്ക് അവരുടെ ബജറ്റില്‍ എന്തെല്ലാം ലഭ്യമാണ് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാന്‍ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനോദ സഞ്ചാരികളെ, ഇതിലേ: കൊവിഡ് മഹാമാരിക്ക് ശേഷം ടൂറിസം മേഖല തിരിച്ചുവരവിന്‍റെ പാതയിലാണ്. കൊവിഡ് ഭീതി കാരണം വിനോദങ്ങളിൽ നിന്ന് വിട്ടുനിന്നവര്‍ ഇപ്പോൾ കുടുംബങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെടുന്നു. റാമോജി ഫിലിം സിറ്റിയെക്കുറിച്ച് മനസിലാക്കാന്‍ ഇന്ന് ഉച്ചവരെ മാത്രം 100 മുതൽ 150 വരെ ആളുകളാണ് ഞങ്ങള്‍ക്കരികിലേക്ക് എത്തിയതെന്നും റാമോജി ഫിലിം സിറ്റിയിലെ സെയിൽസ് ആന്‍റ് മാർക്കറ്റിങ് മാനേജർ തുഷാർ ഗാർഗ് വ്യക്തമാക്കി.