ലക്നൗ: ഹൈദരാബാദിനെ 'ഭാഗ്യനഗർ' എന്ന് പുനർനാമകരണം ചെയ്യാനുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്‌താവനയെ പിന്തുണച്ച് യോഗ ഗുരു ബാബ രാംദേവ്. "ഹൈദറിനു (അലി) ഹൈദരാബാദുമായി ഒരു ബന്ധവുമില്ല, അതിനാൽ അതിന്‍റെ പേര് മാറ്റണമെന്ന് " ബാബ രാംദേവ് ഹരിദ്വാറിൽ പറഞ്ഞു.
"ഭാഗ്യനഗർ ഹൈദരാബാദിന്‍റെ പുരാതനവും ചരിത്രപരവുമായ പേരാണ്. ഹൈദറിന് (മൈസൂർ നാട്ടുരാജ്യത്തിന്‍റെ മുസ്ലീം ഭരണാധികാരി) നഗരവുമായി യാതൊരു ബന്ധവുമില്ലാത്തപ്പോൾ നഗരത്തിന്‍റെ പേര് മാറ്റണം," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുൻകാലങ്ങളിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അവ തിരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുഗളരും ഇംഗ്ലീഷ് ഭരണാധികാരികളും ഞങ്ങളുടെ നഗരങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരുകൾ മാറ്റി, ഞങ്ങൾ അത് ശരിയാക്കണം ബാബ രാംദേവ് കൂട്ടിചേർത്തു.
കുറച്ചുദിവസം മുമ്പ് ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി എച്ച് എം സി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഹൈദരാബാദിന്‍റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.