ലക്‌നൗ : രാമജന്‍മ ഭൂമി ട്രസ്റ്റ് സ്ഥലം വാങ്ങിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍,പഠിക്കാതെ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് ജനറല്‍ സെക്രട്ടറി ചമ്പത് റോയ്. സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് തേജ് നാരായൺ പാണ്ഡെയാണ് അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.
'അവർ ഞങ്ങളുടെ മേൽ ആരോപണം ഉന്നയിക്കുന്നു. കഴിഞ്ഞ 100 വർഷമായി ഇങ്ങനെയാണ്. മഹാത്മാഗാന്ധിയുടെ മരണത്തിനും അവർ ഞങ്ങളെ കുറ്റപ്പെടുത്തി. ഒരു പഠനവുമില്ലാതെ ഞാൻ ഇക്കാര്യത്തിൽ ഒന്നും പറയില്ല'- റായ് പറഞ്ഞു.
read more:ഭൂമി ഇടപാടിൽ രാമ ജന്മഭൂമി ട്രസ്റ്റിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തേജ് നാരായൺ പാണ്ഡെട
രാമക്ഷേത്ര നിർമാണ സമിതി ചെയർമാൻ നിപേന്ദ്ര മിശ്ര അധ്യക്ഷനായി ട്രസ്റ്റികളും എഞ്ചിനീയർമാരും പങ്കെടുത്ത യോഗത്തിൽ പങ്കെടുത്ത ശേഷമാണ് റായ് സംസാരിച്ചത്. അടുത്ത യോഗം തിങ്കളാഴ്ച സർക്യൂട്ട് ഹൗസിൽ നടക്കും.
സിബിഐ അന്വേഷിക്കണമെന്ന് തേജ് നാരായണ്‍ പാണ്ഡെ
അയോധ്യയിലെ വിജേശ്വരിൽ 12,080 ചതുരശ്ര മീറ്റർ സ്ഥലം വാങ്ങിയതിൽ ട്രസ്റ്റ് അഴിമതി നടത്തിയെന്നാണ് ആരോപണം.18.5 കോടി രൂപയ്ക്കാണ് ട്രസ്റ്റ് സ്ഥലം വാങ്ങിയത്.
എന്നാൽ ട്രസ്റ്റ് വാങ്ങുന്നതിന് പത്ത് മിനിട്ട് മുമ്പ് ഇതേ സ്ഥലം രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നീ വ്യക്തികൾ ചേർന്ന് വെറും രണ്ട് കോടി രൂപയ്‌ക്ക് വാങ്ങിയതാണെന്ന് തേജ് നാരായൺ പാണ്ഡെ ആരോപിച്ചു.
ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 17 കോടി രൂപ അയച്ചതായും ട്രസ്റ്റിനെതിരെ സിബി ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ട്രസ്റ്റ് അംഗം അനിൽ മിശ്രയും അയോധ്യ മേയർ റിഷികേശ് ഉപാധ്യായയും വിൽപ്പന കരാറുകളിൽ സാക്ഷികളാണെന്നും തേജ് നാരായൺ പാണ്ഡെ പറഞ്ഞു. രാമ ജന്മഭൂമി ട്രസ്റ്റിനെതിരെ ഭൂമി ഇടപാട് വിഷയത്തിൽ ആം ആദ്‌മി പാർട്ടിയും രംഗത്തെത്തിയിരുന്നു.