ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. പ്രതിഷേധത്തെക്കുറിച്ചും എതിര്‍ക്കുന്ന മൂന്ന് നിയമങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് ശ്രമം. ഇതിന്‍റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഇതിന്‍റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത് പശ്ചിമബംഗാള്‍ സന്ദര്‍ശിക്കും.
മാര്‍ച്ച് പതിമൂന്നിനാണ് അദ്ദേഹം സംസ്ഥാനത്തെത്തുക. മാര്‍ച്ച് പന്ത്രണ്ടിന് നടക്കുന്ന മഹാപഞ്ചായത്തിൽ മറ്റ് നേതാക്കളായ ഡോ. ദർശൻ പാൽ, യോഗേന്ദ്ര യാദവ്, ബൽബീർ സിംഗ് രാജേവാൽ എന്നിവരും പങ്കെടുക്കുമെന്നാണ് വിവരം. കർഷക വിരുദ്ധ, ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന ബിജെപിക്കെതിരെ അണിനിരക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. മാര്‍ച്ച് 27 മുതല്‍ക്ക് ഏപ്രില്‍ 29 വരെ എട്ട് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക.