ന്യൂഡൽഹി: കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടമായ ഡിആർഡിഒ വികസിപ്പിച്ച 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് കൊവിഡ് മരുന്നിൻ്റെ ആദ്യ ബാച്ച് ഇന്ന് പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് മരുന്ന് പുറത്തിറക്കുന്നത്. ഡൽഹിയിലെ ചില ആശുപത്രികളിലായിരിക്കും ആദ്യം മരുന്ന് നൽകുക. മരുന്നിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ അനുമതി നൽകിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് എന്ന ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഡോ റെഡീസ് ലബോറട്ടറിയുമായി സഹകരിച്ചാണ് കൊവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.
Read more: ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നിന് അടിയന്തര അനുമതി
രാവിലെ 10.30 ന് വീഡിയോ കോൺഫറൻസ് വഴി 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് മരുന്നിൻ്റെ മരുന്നിൻ്റെ 10,000 ഡോസ് പുറത്തിക്കുമെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. ഭാവിയിലെ ഉപയോഗത്തിനായി മരുന്ന് ഉൽപാദനം വർധിപ്പിക്കുന്നതായും മരുന്ന് നിർമാതാക്കൾ അറിയിച്ചു.
2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് കൊവിഡിനെതിരെ ഫലപ്രദമാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 27 കൊവിഡ് ആശുപത്രികളിൽ 2020 ഡിസംബർ മുതൽ 2021 മാർച്ച് വരെ 220 രോഗികളിൽ ക്ലിനിക്കൽ ട്രയൽ നടത്തിയിരുന്നു. 2021 മെയ് ഒന്നിനാണ് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസിന് അടിയന്താരാനുമതി നൽകിയതായി ഡിസിജിഐ പ്രഖ്യാപിച്ചത്.