ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് മാത്രമെ രാജ്യത്ത് മാറ്റത്തിന്‍റെ കാറ്റ് കൊണ്ടുവരാൻ കഴിയുകയുള്ളുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷകരുടെ സമരം രണ്ടാം മാസത്തിലും തുടരുന്ന പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിങ്ങിന്‍റെ പ്രസ്‌താവന. "ഞാൻ ഒരു കൃഷിക്കാരനാണ്, അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു. രാജ്യത്ത് മാറ്റത്തിന്‍റെ കാറ്റ് കൊണ്ടുവരാൻ കർഷകർക്ക് മാത്രമേ കഴിയൂ. അതിനാൽ കർഷകരുടെ ശാക്തീകരണം, സ്വാശ്രയത്വം, സമൃദ്ധി എന്നിവയിലൂടെ മാത്രമെ രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാവുകയുള്ളു" - രാജ്‌നാഥ് സിങ് പറഞ്ഞു. ജൽ അഭിഷേകം എന്ന പേരില്‍ ഭോപ്പാലില്‍ സംഘടിപ്പിച്ച പരിപാടിയെ വീഡിയോ കോണ്‍ഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.
രാജ്യത്ത് ആശയക്കുഴപ്പത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതായും രാജ്‌നാഥ് സിങ് പറഞ്ഞു. "മണ്ഡി സമ്പ്രദായം, താങ്ങുവില എന്നിവ ഇല്ലാതാകുമെന്നും കർഷകരുടെ ഭൂമി പണയംവയ്ക്കുമെന്നും പറഞ്ഞ് രാജ്യത്ത് ആശയക്കുഴപ്പത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു." അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കൃഷിക്കാർക്ക് അവരുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനും അവരുടെ ഉൽപന്നങ്ങൾ എവിടെയും വിൽക്കുന്നതിന് സാഹചര്യമൊരുക്കാനാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പരാമർശിച്ചു. "2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ൽ തന്നെ ജനങ്ങള്‍ക്ക് മുന്നിൽ പ്രതിജ്ഞയെടുത്തിരുന്നു. ഇത് അസാധാരണമായ തീരുമാനമായിരുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. താങ്ങുവിലയും, മണ്ഡി സമ്പ്രദായവും നിലനിർത്തുമെന്ന് പ്രധാനമന്ത്രിയും കൃഷിമന്ത്രിയും പാർലമെന്‍റിൽ പറഞ്ഞിട്ടുണ്ട്. കാർഷിക നിയമങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കാൻ സർക്കാർ തയാറാണെന്നും ആവശ്യമെങ്കിൽ അവ ഭേദഗതി ചെയ്യാൻ സര്‍ക്കാര്‍ തയാറാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
'ആത്മനിർഭർ കൃഷി മിഷൻ' രൂപീകരിക്കുന്നതിലൂടെ മധ്യപ്രദേശിലുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതായി. കഴിഞ്ഞ എട്ട് മാസത്തിനിടെ സംസ്ഥാനത്തെ രണ്ട് കോടിയിലധികം കർഷകർക്ക് വിവിധ പദ്ധതികളിലൂടെ 46,000 കോടി രൂപ നൽകിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.