ന്യൂഡല്‍ഹി: കൊവിഡിന് മരുന്ന് കണ്ടുപിടിച്ച ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനെ (ഡിആര്‍ഡിഒ) അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി, മരുന്ന് നിർമ്മാണത്തിൽ ഏർപ്പെട്ട ശാസ്ത്രജ്ഞർ, ഡോക്ടർമാർ എന്നിവരെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. രാജ്യത്തിന് ആവശ്യമുള്ളപ്പോഴെല്ലാം ഡിആര്‍ഡിഒ സഹായത്തിന് എത്തിയിട്ടുണ്ടെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ഈ മരുന്ന് രാജ്യത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് മരുന്ന് ഔദ്യോഗികമായി പുറത്തിറക്കിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവരാണ് മരുന്ന് പുറത്തിറക്കിയത്. ഡൽഹിയിലെ ആശുപത്രികൾക്ക് 10,000 ഡോസ് മരുന്ന് ആദ്യഘട്ടത്തിൽ വിതരണം ചെയ്യും.
Read More: ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്നിന്‍റെ ആദ്യ ബാച്ച് പുറത്തിറക്കി
ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ) കീഴിലുള്ള ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) മരുന്ന് വികസിപ്പിച്ചെടുത്തത്. ഉള്ളിലേക്ക് കഴിക്കുന്ന തരത്തിലുള്ള മരുന്നാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. പൊടിരൂപത്തിലുളള മരുന്ന് വെള്ളത്തിൽ കലക്കിയാണ് കുടിക്കേണ്ടത്.