ന്യൂഡല്‍ഹി: അസമിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഞായറാഴ്ച തുടക്കമാകും. പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാനത്തെത്തും. കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയും പരിപാടികളില്‍ പങ്കെടുക്കും. വരും ദിവസങ്ങളിലായി ബിജെപിയ്ക്ക് വേണ്ടി കൂടുതൽ ദേശീയ നേതാക്കളാണ് അസമിൽ എത്തുന്നത്.
ബിശ്വനാഥ്, ഗോഹ്പൂർ, ദെർഗാവ് എന്നിവിടങ്ങളിലാണ് രാജ്‌നാഥ് സിങ് പ്രചാരണം നടത്തുക. മരിയോണി, ശിവസാഗർ, സാമഗൗരി എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികൾക്ക് സ്മൃതി ഇറാനിയും തുടക്കമിടും. നേതാക്കളുടെ വരവില്‍ വലിയ ആവേശത്തിലാണ് പ്രവർത്തകർ.
പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നവരുടെ പട്ടിക ബിജെപി നേരത്തെ പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ പ്രമുഖരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
126 അംഗ അസം അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 തീയതികളിൽ മൂന്ന് ഘട്ടങ്ങളായി നടക്കും. സഖ്യകക്ഷികളായ എജിപി, യുപിപിഎൽ എന്നിവരുമായി ചേര്‍ന്നാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.