രാജ്‌കോട്ട് (ഗുജറാത്ത്): ഇന്ത്യയില്‍ ആദ്യമായി അപൂർവ്വ രക്തഗ്രൂപ്പ് കണ്ടെത്തിയതായി ഡോക്‌ടര്‍മാര്‍. രാജ്‌കോട്ടിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തിയ 65 കാരനിലാണ് അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തിയത്. ഇയാളുടെ രക്തം ആന്‍റി ഇ.എം.എം ഗ്രൂപ്പില്‍ പെടുന്നതാണെന്നാണ് വിശദീകരണം. ചികിത്സയ്‌ക്കിടെ രക്തഗ്രൂപ്പ് പരിശോധിച്ചപ്പോഴായിരുന്നു അപൂര്‍വ ഗ്രൂപ്പെന്ന കണ്ടെത്തല്‍. ലോകത്ത് ഇത്തരത്തില്‍ രക്തഗ്രൂപ്പുള്ള 11-ാമത്തെ ആളാണിത്. ഇന്ത്യയില്‍ ആദ്യത്തെ ആളും ഇദ്ദേഹമാണെന്നാണ് റിപ്പോര്‍ട്ട്.
നിലവിലുള്ള ‘എ’, ‘ബി’, ‘ഒ’ അല്ലെങ്കിൽ ‘എബി’ ഗ്രൂപ്പുകളുടെ കീഴിൽ വരാത്ത രക്തഗ്രൂപ്പാണ് ഇ.എം.എം നെഗറ്റീവ്. ആദ്യമായാണ് ഇന്ത്യയിൽ ഇ.എം.എം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് മനുഷ്യനിൽ കണ്ടെത്തുന്നത്. പൊതുവെ, മനുഷ്യശരീരത്തിൽ നാല് തരം രക്തഗ്രൂപ്പുകളാണ് ഉള്ളത്. അവയിൽ എ, ബി, ഒ, ആര്‍ എച്ച് എന്നിങ്ങനെ 42 തരം വ്യത്യസ്‌ത ഘടകങ്ങളുണ്ട്. കൂടാതെ 375 തരം ആന്‍റിജനുകളുമുണ്ട്. ഈ ആന്‍റിജനുകളിൽ പൊതുവെ ഇ.എം.എമ്മിന്‍റെ അളവ് കൂടുതലായി കാണപ്പെടുന്നു.
Also Read: ഒറ്റപ്രസവത്തില്‍ പിറന്നത് നാല് കണ്‍മണികള്‍, ഹൈദരാബാദില്‍ അപൂര്‍വ പ്രസവം
ഒരു തരം റെഡ് സെൽ ആന്‍റിജനുകളാണ് ഇ.എം.എം. എല്ലാവരുടെയും രക്തത്തിൽ അതിനാൽ ഇ.എം.എം അടങ്ങിയിരിക്കും. എന്നാൽ രക്തത്തിൽ ഹൈ-ഫ്രീക്വൻസി ആന്‍റിജനായ ഇ.എം.എം ഇല്ലാത്ത അപൂർവം ആളുകൾ മാത്രമാണ് ഉള്ളത്. ലോകത്ത് തന്നെ പത്ത് പേരെ മാത്രമേ അത്തരത്തിൽ കണ്ടെത്തിയിട്ടുള്ളൂ. അപൂർവമായി ഇത്തരത്തിൽ ഇ.എം.എം ഇല്ലാത്ത രക്തഗ്രൂപ്പുള്ളവർക്ക് രക്തം ദാനം ചെയ്യാനും കഴിയുകയില്ല. കൂടാതെ മറ്റൊരാളിൽ നിന്നും രക്തം വാങ്ങാനും ഇത്തരക്കാർക്ക് കഴിയില്ല.
രക്തത്തിൽ ഇ.എം.എമ്മിന്‍റെ അഭാവം വരുന്നത് കൊണ്ടാണ് ഇത്തരക്കാരുടെ രക്തഗ്രൂപ്പിന് ഇ.എം.എം നെഗറ്റീവ് എന്ന് വിളിക്കുന്നത്. ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ (ഐഎസ്‌ബിടി) ആണ് ഇത്തരത്തില്‍ നാമകരണം ചെയ്‌തത്.
അതേസമയം രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ക്ക് ശസ്‌ത്രക്രിയ നടത്തിയതായും ഡോക്‌ടര്‍മാര്‍ പറഞ്ഞു. അതിനിടെ രക്തത്തിന്‍റെ കണ്ടെത്തലിനെ കുറിച്ച് ഡോക്‌ടര്‍മാരായ റിപാല്‍ ഷാ, സ്‌നേഹള്‍ സെഞ്ചാലിയ, ഷണ്‍മുഖ് ജോഷി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രബന്ധം ഏഷ്യന്‍ ജേര്‍ണല്‍ ഓഫ് ട്രാന്‍സ്‌ഫഷന്‍ സയന്‍സ് പ്രസിദ്ധീകരിച്ചു.