ന്യൂഡൽഹി: നിതി ആയോഗ് ഉപാധ്യക്ഷനായി സാമ്പത്തിക വിദഗ്‌ധൻ സുമൻ കെ. ബെറിയെ നിയമിച്ചു. നിലവിലെ ഉപാധ്യക്ഷൻ രാജീവ് കുമാറിന്‍റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് നിയമനം. സുമൻ കെ. ബെറി മെയ് ഒന്ന് മുതൽ സ്ഥാനമേറ്റെടുക്കും.
അഞ്ച് വർഷത്തോളം സേവനമനുഷ്‌ഠിച്ച ശേഷമാണ് രാജീവ് കുമാർ സ്ഥാനമൊഴിയുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. ക്യാബിനറ്റിന്‍റെ അപ്പോയിന്‍റ്‌മെന്‍റ് കമ്മിറ്റി രാജീവ് കുമാറിന്‍റെ രാജി അംഗീകരിച്ചു. ഏപ്രിൽ 30 വരെയാണ് കാലാവധി. പ്രധാനമന്ത്രിയാണ് നിതി ആയോഗിന്‍റെ അധ്യക്ഷൻ.
2017 ഓഗസ്റ്റിലാണ് നിതി ആയോഗിന്‍റെ ഉപാധ്യക്ഷനായി രാജീവ് കുമാറിനെ നിയമിക്കുന്നത്. അരവിന്ദ് പനഗരിയയുടെ പിൻഗാമിയായിട്ടായിരുന്നു നിയമനം. ഈ സമയം സുമൻ കെ.ബെറി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ പ്രവർത്തിച്ചിരുന്നു.
നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്‍റെ (എൻസിഎഇആർ) ഡയറക്‌ടർ ജനറലായും ബെറി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാങ്കേതിക സമിതി എന്നിവയിലും അംഗമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണ വേളയിൽ ലോകബാങ്കിലും ബെറി പ്രവർത്തിച്ചിട്ടുണ്ട്.
ലഖ്‌നൗ ഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിലെ ഗവർണേർസ് ബോർഡ് ചെയർമാനായും പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍റ് ഇക്കണോമിക്‌സിന്‍റെ ചാൻസലറായും രാജീവ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ചെയർമാനായിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്‍റ് ഇൻഡസ്ട്രി ചെയർമാനുമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിൽ രണ്ട് വട്ടം അംഗമായിരുന്നു. ആർബിഐയുടെ സെൻട്രൽ ബോർഡിലും അംഗമായിരുന്നു അദ്ദേഹം.