ഹൈദരാബാദ് : സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രം ജയിലർ റിലീസ് ചെയ്‌ത് ഒരാഴ്‌ചയാവുന്ന സമയത്തും തിയേറ്ററുകളില്‍ തകർത്തോടുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 200 കോടി നേടിയ ചിത്രം ആഗോളതലത്തിൽ 400 കോടി ക്ലബിലേക്ക് മുന്നേറുകയാണ്. ജയിലര്‍ ഉടന്‍ 400 കോടി ക്ലബിൽ കയറുമെന്നാണ് ആരാധക പ്രതീക്ഷ.
രജനികാന്തിന്‍റെ തന്നെ 2.0, കബാലി എന്നീ ചിത്രങ്ങളും പൊന്നിയിൻ സെൽവൻ-1, വിക്രം എന്നീ ചിത്രങ്ങളുമാണ് ഇതുവരെ 400 കോടി ക്ലബിൽ എത്തിയ തമിഴ് ചിത്രങ്ങൾ. ഓഗസ്റ്റ് 15ന് മാത്രം 33 കോടിയാണ് ജയിലർ ഇന്ത്യയിൽ നിന്ന് കലക്ഷൻ നേടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തമിഴ്‌നാട്ടിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശനം തുടരുന്നു. തിയേറ്ററുകളില്‍ ഏകദേശം 81.59 ശതമാനം കാണികൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
ബോക്‌സോഫിസിൽ പൊന്നിയിൻ സെൽവൻ-1നെക്കാൾ തമിഴ്‌നാട്ടിൽ മികച്ച റെക്കോഡുകൾ ജയിലര്‍ ഉണ്ടാക്കുമെന്നാണ് സിനിമ നീരിക്ഷകൻ രമേഷ് ബാല പറയുന്നത്. ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ ഭോല ശങ്കർ ബോക്‌സോഫിസിൽ പിന്നിലായത് ജയിലറിന് റെക്കോഡുകൾ സൃഷ്‌ടിക്കാൻ സഹായമായി. എന്നാൽ വടക്കൻ മേഖലയിൽ സണ്ണി ഡിയോളിന്‍റെ ഗദർ-2 വിനോടാണ് ജയിലറിനു മത്സരിക്കേണ്ടത്. ഗദർ-2 ഇതുവരെ 229കോടിയാണു കലക്ഷൻ നേടിയത്. ഓഗസ്റ്റ് 11 ന് ആണ് ഗദർ-2 റീലിസായത്.
ഓഗസ്റ്റ് 10ന് റീലിസായ ജയിലർ മാസ് ആക്ഷൻ എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ്. മോഹൻലാൽ, ശിവരാജ് കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവരും അതിഥി വേഷങ്ങളില്‍ ചിത്രത്തിൽ രജനികാന്തിനൊപ്പം എത്തുന്നു. ഒരിടവേളയ്‌ക്ക് ശേഷം രജനികാന്തിന്‍റെ തിരിച്ചു വരവായി ആണ് ചിത്രത്തെ ആരാധകർ കാണുന്നത്. ബീസ്റ്റിനു ശേഷം സംവിധായകൻ നെൽസൺ ദീലിപ് കുമാറിന്‍റെ തിരിച്ചുവരവ് കൂടിയാണിത്.
മലയാള നടൻ വിനായകന്‍റെ പ്രതിനായക വേഷം ഏറെ പ്രശംസകൾ നേടി. വിനായകനെ കൂടാതെ രമ്യ കൃഷ്‌ണൻ, വസന്ത് രവി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ ഉണ്ട്. ജയിലറിലെ തമന്നയുടെ ഗാനരംഗം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്‌ടിച്ചിരുന്നു. ചിത്രത്തിലെ കാവാല എന്ന് തുടങ്ങുന്ന ഗാനരംഗമാണ് തമന്നയുടെതായി സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായത്.
അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ജയിലറിലെ മിക്ക ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി. രജനികാന്തിനൊപ്പം മോഹന്‍ലാലിന്‍റെ സാന്നിദ്ധ്യവും സിനിമയ്‌ക്ക് കേരളത്തില്‍ മികച്ച വരവേല്‍പ്പ് ലഭിക്കാന്‍ കാരണമായി. ജയിലറിന് കേരളത്തിലും മികച്ച കലക്ഷനാണ് ലഭിക്കുന്നത്. കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുളള രജനി ആരാധകരും സിനിമ ഏറ്റെടുത്തു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു രജനികാന്ത് ചിത്രം ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തിയത്. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്.