അഗര്‍ത്തല : പാര്‍ട്ടിവിട്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ച മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) നേതാവ് രജിബ് ബാനര്‍ജി തിരിച്ചെത്തുന്നു. ടി.എം.സി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.
ബി.ജെ.പിയുടേത് വിദ്വേഷത്തിന്‍റെയും ഭിന്നിപ്പിന്‍റേയും പ്രത്യയശാസ്ത്രമാണെന്ന് രജിബ് ബാനര്‍ജി പറഞ്ഞു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഞാൻ ബിജെപി നേതൃത്വത്തോട് തന്‍റെ നിലപാട് അറിയിച്ചതാണ്. മമത ബാനർജിക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങളും അപവാദവും പ്രചരിപ്പിക്കുമ്പോള്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചതുമാണ്. എന്നാല്‍ നേതൃത്വം ഇത്അംഗീകരിക്കാന്‍ തയ്യാറായില്ല. തെറ്റിദ്ധാരണ മൂലമാണ് താൻ പാര്‍ട്ടി വിട്ടത്. ആ തീരുമാനത്തില്‍ താന്‍ ഇപ്പോൾ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: കർഷകരുടെ കൂടാരങ്ങൾ തകര്‍ത്താല്‍ സർക്കാർ ഓഫിസുകളെ കാര്‍ഷിക ചന്തകളാക്കും: രാകേഷ് ടികായത്
മുന്‍ മമത ബാനര്‍ജി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ബാനര്‍ജി കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ഇത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിടരുതെന്ന മമത ബാനര്‍ജിയുടെ ആവശ്യം തള്ളിയായിരുന്നു നീക്കം.
തുടര്‍ന്ന് ഹൗറ ജില്ലയിലെ ദോംജൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതേസമയം ഇക്കഴിഞ്ഞയിടെ ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായി രജിബ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.