ഉദയ്‌പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ ചൂടേറിയ പ്രചാരണ വിഷയങ്ങളിലൊന്നായിരുന്നു ഉദയ് പൂരിലെ തയ്യല്‍ക്കാരന്‍ കനയ്യലാല്‍ സാഹു കൊലചെയ്യപ്പെട്ട സംഭവം. ഉദയ് പൂര്‍ മണ്ഡലത്തില്‍ കനയ്യലാലിന്‍റെ രണ്ട് മക്കളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി. ഇരുവര്‍ക്കും ഇത് കന്നി വോട്ടായിരുന്നു. ഉദയ് പൂരിലെ ഗോവര്‍ധന്‍ വിലാസ് ഗവണ്‍മെന്‍റ് സകൂളിലായിരുന്നു ഇരുവര്‍ക്കും വോട്ട്.
പിതാവിന്‍റെ കൊലപാതകം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെങ്കിലും കൊലയാളികള്‍ക്ക് ശിക്ഷ വൈകുന്നതില്‍ കനയ്യലാലിന്‍റെ കുടുംബവും അതൃപ്‌തി രേഖപ്പെടുത്തി. പിതാവ് കൊല്ലപ്പെട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് കനയ്യലാലിന്‍റെ മൂത്ത മകന്‍ യശ് പറഞ്ഞു. "തെരഞ്ഞെടുപ്പില്‍ ആര് ഭരണത്തിലേറിയാലും ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കണം.ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേസ് നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നായിരുന്നു ഞങ്ങളോട് പറഞ്ഞത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. " ദുഖകരമായ ഈ സംഭവം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനു പകരം കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഏറെ ആശ്വാസമാകുമായിരുന്നുവെന്നും യശ് പ്രതികരിച്ചു. കൊലപാതകികള്‍ക്ക് വധ ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്ന് ഇളയമകന്‍ തരുണ്‍ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 ന് തയ്യല്‍ക്കടയിലെത്തിയ ഘാതകര്‍ കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രൂരകൃത്യത്തിന്‍റെ വീഡിയോദൃശ്യം പ്രചരിപ്പിക്കുകയായിരുന്നു.ആഗോള തലത്തില്‍ത്തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കും രോഷപ്രകടനങ്ങള്‍ക്കും ഇടയാക്കിയ സംഭവം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ തോതില്‍ ചര്‍ച്ചയാക്കിയിരുന്നു.
അതേ സമയം നിയമസഭയിലെ 199 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാജസ്ഥാനില്‍ ആവേശ പൂര്‍വ്വം പുരോഗമിക്കുകയാണ്. രാവിലെ ഏഴു മണിക്കാരംഭിച്ച വോട്ടെടുപ്പ് പൊതുവേ സമാധാനപരമാണ്. ഭരണ കക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയും തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് രാജസ്ഥാനില്‍ നടക്കുന്നത്.
അണികളിലെ ആശയക്കുഴപ്പം വോട്ടെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ വോട്ടെടുപ്പിന് തൊട്ട് മുമ്പ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ അവസാന അടവും പയറ്റി. പാര്‍ട്ടിക്കകത്ത് തന്‍റെ കടുത്ത എതിരാളിയായ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന് വോട്ടഭ്യര്‍ത്ഥിക്കുന്ന വീഡിയോ സ്വന്തം എക്സ് അക്കൗണ്ടിലൂടെ ഗെഹ്ലോട്ട് പങ്കു വെക്കുകയായിരുന്നു. യുവ നേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ത്ഥിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
"കഴിഞ്ഞ കുറേ ആഴ്ചകളായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായിരുന്നു.വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന റെസ്പോണ്‍സുകളും ഫീഡ് ബാക്കുകളും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കുന്നതാണ്. അഞ്ച് വര്‍ഷം കോണ്‍ഗ്രസ് അഞ്ചു വര്‍ഷം ബിജെപി എന്ന 30 വര്‍ഷമായി തുടരുന്ന പതിവ് ഇത്തവണ രാജസ്ഥാനിലെ വോട്ടര്‍മാര്‍ മാറ്റിയെഴുതും. ഇത്തവണ കോണ്‍ഗ്രസിന് തുടര്‍ഭരണം ലഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരമാവധി ഇടങ്ങളില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ ആഗ്രഹിച്ചിട്ടും എത്താനാവാത്ത പ്രദേശങ്ങളുണ്ട്. വികസനത്തിന്‍റെ വേഗം കൂട്ടുന്നതിന് എല്ലാവരേയും ചേര്‍ത്ത് മുന്നോട്ടു പോകുന്ന കോണ്‍ഗ്രസിന്‍റെ ശൈലി മാത്രമാണ് പോംവഴി. മറ്റെല്ലാം മറന്ന് പാര്‍ട്ടിയുടെ വിജയത്തിനായി കൈകോര്‍ക്കാം. " വീഡിയോയില്‍ സച്ചിന്‍ പൈലറ്റ് പറയുന്നു.
മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യ സ്വന്തം മണ്ഡലമായ ഝല്‍രാപട്ടണത്തിലെ ഹൗസിങ്ങ് കോളനി ബൂത്തില്‍ പൗത്രനോടൊപ്പമെത്തി വോട്ട രേഖപ്പെടുത്തി. ശുഭ മുഹൂര്‍ത്തം നോക്കി രാവിലെ 8.15 നും ഒമ്പതരയ്ക്കും ഇടയിലാണ് വസുന്ധര രാജെ വോട്ട് ചെയ്യാനെത്തിയത്. യുവവോട്ടര്‍മാരുടെ പിന്തുണ ഉറപ്പായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ലഭിക്കുമെന്ന് വസുന്ധര രാജെ സിന്ധ്യ അവകാശപ്പെട്ടു.
also read; രാജസ്ഥാന്‍ പോളിങ് ബൂത്തില്‍; വോട്ടെടുപ്പ് 199 സീറ്റുകളിലേക്ക്25075526343343872