ജയ്‌പൂര്‍: പശുക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി രാജസ്ഥാനിലെ ബിജെപി നേതാവിന്‍റെ വീഡിയോ പുറത്ത്. മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഗ്യാന്‍ദേവ് അഹൂജയാണ് വിവാദ പ്രസ്‌താവന നടത്തിയത്. ഇതിന്‍റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിങ് ടോട്ടാസരാ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടു.
തന്‍റെ അനുയായികൾ ഇതുവരെ അഞ്ചുപേരെ കൊന്നുവെന്ന് ഗ്യാന്‍ദേവ് അഹൂജ വീഡിയോയില്‍ പറയുന്നു. 2017ലും 2018ലും പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന പെഹ്‌ലു ഖാന്‍, റക്‌ബര്‍ ഖാന്‍ എന്നിവരാണ് ഇവരില്‍ രണ്ട് പേരെന്നും അഹൂജ സൂചിപ്പിക്കുന്നുണ്ട്. പശുവിനെ കടത്തുന്നവരേയും അറക്കുന്നവരെയും വെറുതെ വിടില്ലെന്നും അവരെ കൊല്ലണമെന്നും ബിജെപി നേതാവ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.
'ഇതുവരെ അഞ്ച് പേരെ കൊന്നു': മോഷണക്കുറ്റം ആരോപിച്ച് ഓഗസ്റ്റ് 14ന് ഗോവിന്ദ്ഗഢ് ടൗണിൽ വച്ച് പച്ചക്കറി വില്‍പനക്കാരനായ ചിരഞ്‌ജി ലാൽ സെയ്‌നി എന്നയാളെ ആള്‍ക്കൂട്ടം മര്‍ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സെയ്‌നി പിന്നീട് ചികിത്സയിലിരിക്കെ മരണപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്‌ച സെയ്‌നിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ബിജെപി നേതാവ് വിവാദ പ്രസ്‌താവന നടത്തിയത്.
'നമ്മള്‍ ഇതുവരെ അഞ്ച് പേരെ കൊന്നു, അത് ലാല്‍വണ്ടിയിലോ ബഹ്‌റോഡിലോ ആകട്ടെ. ഈ പ്രദേശത്ത് ഇതാദ്യമായാണ് അവര്‍ ഒരാളെ കൊല്ലുന്നത്. ഞാൻ പ്രവര്‍ത്തകര്‍ക്ക് കൊല്ലാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവരെ ജയിലില്‍ നിന്ന് പുറത്തിറക്കുകയും ജാമ്യം നേടിക്കൊടുക്കുകയും ചെയ്യും,' അഹൂജ പറയുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മതസൗഹാര്‍ദം തകര്‍ത്തതിനും വിദ്വേഷം പ്രചരിപ്പിച്ചതിനും അഹൂജക്കെതിരെ പൊലീസ് കേസെടുത്തു. വീഡിയോയുടെ അടിസ്ഥാനത്തില്‍ ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസ്. അഹൂജയുടെ പ്രസ്‌താവനയെ തള്ളി ബിജെപി അല്‍വാര്‍ യൂണിറ്റും രംഗത്തെത്തിയിരുന്നു. അഹൂജയുടേത് സ്വന്തം അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ കാഴ്‌ചപ്പാടല്ലെന്നും അൽവാർ സൗത്ത് യൂണിറ്റ് മേധാവി സഞ്ജയ് സിങ് പറഞ്ഞു.
ന്യായീകരിച്ച് ബിജെപി നേതാവ്: ബിജെപിയുടെ യഥാർഥ മുഖം തുറന്നുകാട്ടിയെന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഗോവിന്ദ് സിങ് ടോട്ടാസരാ കഴിഞ്ഞ ദിവസം ബിജെപി നേതാവിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ബിജെപിയുടെ മതഭീകരതയ്ക്കും മതഭ്രാന്തിനും ഇതിൽപരം എന്ത് തെളിവാണ് വേണ്ടതെന്നും ടോട്ടാസരാ പറയുന്നു. അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ തന്‍റെ പ്രസ്‌താവനയെ ന്യായീകരിച്ച് അഹൂജ രംഗത്തെത്തി.
പശുക്കളെ കടത്തുന്ന അഞ്ച് മേവ് മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ മർദിച്ചുവെന്നാണ് താന്‍ പറഞ്ഞതെന്ന് അഹൂജ പറഞ്ഞു. പശുവിനെ കടത്തുന്നതും അറക്കുന്നതും മേവ് സമുദായത്തിലുള്ളവരാണ്. ഹിന്ദുക്കൾക്ക് പശു വൈകാരികമായ ഒരു വിഷയമാണ്.
അതുകൊണ്ടാണ് അത്തരം പശുക്കടത്തുകാരെ ലക്ഷ്യമിടുന്നത്. തന്‍റെ അനുയായികളെ സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണെന്നും അഹൂജ പറഞ്ഞു. കൊലയാളികൾ ദേശസ്നേഹികളും ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിങിന്‍റെയും യഥാർഥ പിൻഗാമികളാണെന്ന് ഉള്‍പ്പെടെ അഹൂജ മുന്‍പ് നടത്തിയ പല പ്രസ്‌താവനകളും വിവാദമായിരുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: രാജസ്ഥാനിലെ രാംഗഡില്‍ പശുക്കടത്ത് ആരോപിച്ച് 2017 ഏപ്രിൽ 1നാണ് 55 കാരനായ പെഹ്‌ലു ഖാനെ ബഹ്‌റോഡില്‍ വച്ച് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്. സമാന സംഭവത്തില്‍ 2018 ജൂലൈ 20ന് ലാല്‍വണ്ടിയിൽ വച്ച് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് റക്‌ബര്‍ ഖാന്‍ എന്നയാളും കൊല്ലപ്പെട്ടിരുന്നു. ഗ്യാന്‍ദേവ് അഹൂജ രാംഗഡില്‍ എംഎല്‍എയായിരുന്ന കാലത്താണ് ഈ രണ്ട് സംഭവങ്ങളുമുണ്ടായത്.
പെഹ്‌ലു ഖാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളേയും 2019ല്‍ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ ഹർജി ഹൈക്കോടതിയില്‍ പരിഗണനയിലാണ്. റക്‌ബാര്‍ ഖാന്‍റെ കൊലപാതകത്തില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
Read more: ആൾകൂട്ട കൊലപാതകം: പെഹ്‌ലു ഖാന്‍ കേസിൽ ആറ് പ്രതികളേയും വെറുതെ വിട്ടു