ന്യൂഡൽഹി : രാജസ്ഥാൻ രാഷ്‌ട്രീയ പ്രതിസന്ധിയ്‌ക്ക് കോപ്പുകൂട്ടിയ നേതാക്കള്‍ക്കെതിരെ എഐസിസി നടപടിയെടുത്തേക്കുമെന്ന് സൂചന. അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനിരിക്കെ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് ആലോചന നടത്തിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് വിമത നീക്കം ശക്തിപ്പെട്ടതില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി അതൃപ്‌തി പ്രകടിപ്പിച്ചെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് നടപടി സംബന്ധിച്ച വിവരം പുറത്തുവന്നത്.
Also Read: രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധി; 76 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നെങ്കില്‍ ഒന്നുകില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും അല്ലെങ്കില്‍ താന്‍ നിര്‍ദേശിക്കുന്ന ആളെ സംസ്ഥാന ഭരണത്തിന്‍റെ തലപ്പത്തിരുത്തണമെന്നാണ് ഗെലോട്ടിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ തുടക്കത്തിലേ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെ, രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റ് വന്നേക്കുമെന്ന സൂചന ലഭ്യമായതോടെയാണ് ഗെലോട്ട് പക്ഷ എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കി വിമത നീക്കം നടത്തിയത്.
അതേസമയം, ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഹൈക്കമാൻഡ് പിന്നോട്ടെന്നാണ് ലഭിക്കുന്ന വിവരം. ഗെലോട്ടിന് പകരം മുകുൾ വാസ്‌നിക്, ദിഗ് വിജയ് സിങ് എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്. ഒക്‌ടോബര്‍ 17 നാണ് പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ്.