ജയ്‌പൂർ: രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വാക്‌സിന്‍റെ അഭാവത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു. രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുമ്പോഴും ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറയുന്നു. ഒരു കോടി വാക്‌സിൻ രാജ്യത്തുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് വാക്‌സിനേഷൻ നടത്തിയാൽ ഇത് ഒറ്റദിവസം കൊണ്ട് തീരുമെന്നും അശോക് ഗെലോട്ട് ചൂണ്ടിക്കാട്ടി.
ഏപ്രിൽ രണ്ടിന് രാജ്യത്തുടനീളം 42 ലക്ഷം വാക്സിനുകൾ നൽകിയിരുന്നുവെങ്കിൽ ഇപ്പോൾ 16 ലക്ഷം വാക്സിനുകൾ മാത്രമാണ് ദിവസവും നൽകുന്നത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഇത്തരം പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
More Read: 1.77 കോടിയിലധികം കൊവിഡ് വാക്‌സിൻ ലഭ്യം; ഒരു ലക്ഷം കൂടി ലഭിക്കും : കേന്ദ്ര ആരോഗ്യമന്ത്രലയം
ഒരു കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇപ്പോഴും സംസ്ഥാന സർക്കാരുകളുടെ പക്കലുണ്ടെന്ന് ഹർഷ വർധൻ മെയ് 19ന് പറഞ്ഞിരുന്നു.