ജയ്‌പൂര്‍ : മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടുത്ത രക്തസ്രാവത്തോടെ കണ്ടെത്തിയ സംഭവത്തില്‍ കുടുംബത്തിന്‍റെ ഇഷ്‌ടപ്രകാരം ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷണം നടത്താമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
'സംഭവത്തില്‍ സംസ്ഥാന പൊലീസിന്‍റെ സ്വതന്ത്രമായ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്, കേസ് നഗരത്തിന് പുറത്തുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ടോ, ക്രൈം ബ്രാഞ്ചിനെയോ, എസ്‌ഒജിയെക്കോണ്ടോ, സിബിഐയെക്കൊണ്ടോ അന്വേഷിപ്പിക്കണമെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്.
സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും, സത്യാവസ്ഥ പുറത്തുവരണമെന്നുമാണ് സർക്കാരിന്‍റെ ലക്ഷ്യം'. അശോക് ഗെലോട്ട് പറഞ്ഞു.
രാജസ്ഥാനിലെ അല്‍വാറില്‍ തിജാര മേല്‍പ്പാലത്തില്‍ ചൊവ്വാഴ്‌ച രാത്രിയാണ് 14കാരിയായ പെണ്‍കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ഭാഗത്ത് പരിക്കുകളേറ്റ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.
എന്നാല്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടിയെ രണ്ടര മണിക്കൂർ നീണ്ട റെക്‌റ്റം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായും ഡോക്‌ടർമാർ അറിയിച്ചു.
സിബിഐ വേണമെന്ന് ബിജെപി
കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അൽവാറിലെ പെൺകുട്ടിയുടെ കുടുംബത്തെ ബിജെപി നേതാക്കളുടെ സംഘം സന്ദർശിക്കുകയും ചെയ്‌തു.
ബിജെപിയുടേത് മ്ലേച്ഛമായ രാഷ്‌ട്രീയ മുതലെടുപ്പ്
സംഭവത്തില്‍ ബിജെപി മ്ലേച്ഛമായ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഗെലോട്ട് ആരോപിച്ചു. കുട്ടി ലൈംഗികാതിക്രമത്തിന് വിധേയയായിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടും പ്രതിപക്ഷം അവളെ കൂട്ടബലാത്സംഗത്തിന്‍റെ ഇര എന്നാണ് വിളിക്കുന്നത്.
രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപി പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ മാനസിക നില പരിഗണിക്കണം. പെണ്‍കുട്ടിക്ക് എങ്ങനെയാണ് മുറിവുകളുണ്ടായതെന്നുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.