ജയ്‌പൂര്‍: മധ്യപ്രദേശിന്‍റേയും രാജസ്ഥാന്‍റേയും അതിര്‍ത്തി പ്രദേശത്തെ ചമ്പൽ നദിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് ഭക്തര്‍ മരിച്ചു. രാജസ്ഥാനിലെ കൈലാദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോവുന്നതിനിടെ ഇന്ന് രാവിലെയാണ് 17പേര്‍ അപകടത്തില്‍പ്പെട്ടത്. ഇതില്‍ എട്ടുപേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഭക്തര്‍ കാല്‍നടയായി നദി മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. നദിയുടെ ആഴമേറിയ ഭാഗം അറിയാതെ മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം. മരിച്ച മൂന്ന് പേരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. മുങ്ങൽ വിദഗ്‌ധരും നാട്ടുകാരും അധികൃതരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ളവരാണ് ഭക്തര്‍. മണ്ഡാലെയിലെ റോഡായി ഘട്ടിലാണ് അപകടമുണ്ടായത്. പൊലീസും ജില്ല ഭരണകൂടത്തിന്‍റെ ഭാഗമായ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ദുഃഖം രേഖപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി: സംഭവത്തില്‍, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനുമുള്ള നിർദേശങ്ങൾ അധികൃതര്‍ക്ക് നൽകിയിട്ടുണ്ട്. നദിയിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് രക്ഷാപ്രവർത്തനവും ആവശ്യമായ സഹായവും നിരീക്ഷിച്ചുവരികയാണ്.
ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരമനുസരിച്ച്, റോഡായ് ഘട്ട് പ്രദേശത്ത് ശക്തമായ ഒഴുക്കിനെ തുടർന്ന് ഭക്തരുടെ സംഘം ഒഴുക്കിൽപ്പെടുകയായിരുന്നു. ആളുകളുടെ നിലവിളി കേട്ട് ഗ്രാമവാസികള്‍ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ഇടപെട്ടതിനെ തുടര്‍ന്ന് എട്ട് പേരുടെ ജീവന്‍ രക്ഷിക്കാൻ സാധിച്ചു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണെന്ന് മൊറേന കലക്‌ടര്‍ പറഞ്ഞു.
തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കലക്‌ടര്‍: 'ചമ്പൽ നദിയിൽ ആകെ 17 പേരാണ് ഒഴുക്കിൽപ്പെട്ടത്. അതിൽ എട്ട് പേർ സുരക്ഷിതമായി രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹങ്ങൾ നദിയിൽ നിന്ന് കിട്ടിയിട്ടുണ്ട്. മറ്റുള്ളവരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സ്ഥലത്തെത്തി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്' - മൊറേന കലക്‌ടര്‍ അങ്കിത് അസ്‌താന മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം അറിഞ്ഞ് എസ്‌പി നാരായൺ ടോങ്കാസ്, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. കരൗലിയിലെ പ്രശസ്‌തമായ കൈലാദേവി ക്ഷേത്രത്തിൽ എല്ലാ വർഷവും ചൈത്ര നവരാത്രിക്ക് മുന്‍പായി ലാഖി മേള നടക്കാറുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും ഇവിടെ എത്താറുണ്ട്. ഇവരിൽ വലിയൊരു വിഭാഗം കാൽനടയാത്രക്കാരാണ്. ഇത്തവണ മാർച്ച് 19 ഞായറാഴ്‌ച മുതലാണ് മേള ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കാൽനടയായി ഭക്തര്‍ കൈലാദേവി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.
ആരാധനാലയങ്ങള്‍ സന്ദർശിക്കുന്ന ഭക്തരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണ് ചമ്പല്‍ നദിയില്‍ ഉണ്ടായ ഈ സംഭവം. എച്ച് 3 എന്‍ 2 വൈറസ് പകരുന്നതും കൂട്ടമായുള്ള ഭക്തരുടെ സഞ്ചാരം ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങൾ സന്ദർശിക്കുമ്പോള്‍ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും എല്ലാ സുരക്ഷാമാർഗനിർദേശങ്ങളും പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.