കറോളി: കിണറിലെ രോഗാണുക്കള്‍ അടങ്ങിയ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ കറോളി ജില്ലയിലെ സിമാര ഗ്രാമത്തിലെ 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 43 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ടതിനെ തുടര്‍ന്ന് ഇവരെ കരണ്‍പൂറിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
പ്രത്യേക മെഡിക്കല്‍ സംഘം ഗ്രാമത്തില്‍ എത്തി രോഗം പിടിപെടാന്‍ കാരണമായ വെള്ളം ശേഖരിച്ച കിണര്‍ പരിശോധിച്ചു. വെള്ളത്തില്‍ രോഗകാരികളായ കീടങ്ങളെ കണ്ടെത്തി. ഗ്രാമവാസികളോട് കിണറില്‍ നിന്ന് ജലം എടുക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ദിനേശ് ചന്ദ്ര മീണ ഇടിവി ഭാരതിനോട് പറഞ്ഞു.
ഗ്രാമവാസികള്‍ക്ക് കുടിവെള്ളത്തിനായി ജല സംഭരണികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവസാന രോഗിയും സുഖം പ്രാപിക്കുന്നത് വരെ മെഡിക്കല്‍ സംഘം ഗ്രാമത്തില്‍ ക്യാമ്പ് ചെയ്യുമെന്ന് ഡോ: ദിനേശ് ചന്ദ്ര മീണ പറഞ്ഞു. അതേസമയം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കിടക്കകള്‍ കുറവാണെന്ന പരാതിയുണ്ട്. രോഗികളുടെ ജീവന്‍ നിലനിര്‍ത്തുകയാണ് ആദ്യ പരിഗണനയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.