ഔറംഗാബാദ് : പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിന് പിന്നാലെ ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീലും ഡിജിപി രജനീഷ് സേത്തും മുംബൈയിൽ കൂടിക്കാഴ്‌ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു.
പ്രസംഗത്തില്‍ താക്കറെക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി രജനീഷ് സേത്ത് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 13,000ല്‍ അധികം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗം പരിശോധിച്ച് വരികയാണ്. മെയ് മൂന്നിനകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് താക്കറെ നേരത്തെ പറഞ്ഞിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് മെയ് മൂന്നിന് മുന്നോടിയായി താക്കറെ റാലി നടത്തിയത്.
'പള്ളികളില്‍ നിന്നും മെയ് മൂന്നിനകം ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് താന്‍ ഉത്തരവാദി ആയിരിക്കില്ലെന്നായിരുന്നു' താക്കറെയുടെ പരാമര്‍ശം. മെയ് നാല് മുതല്‍ പള്ളികളില്‍ നിന്ന് ശബ്ദമുണ്ടാകുമ്പോള്‍ ഹിന്ദുക്കള്‍ ഇരട്ടി ശബ്ദത്തില്‍ ഹനുമാന്‍ ചാലിസ വായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ ശക്തി മനസിലായില്ലെങ്കില്‍ തങ്ങള്‍ അത് കാണിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. 2008ല്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ താക്കറെക്കെതിരെ ബാത്തിസ് ശ്രീറല്‍ കോടതി ഏപ്രില്‍ ആറിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.