മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെയും റയാൻ തോർപ്പിനെയും ജൂലൈ 27 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്ട്ര പൊലീസ് ഇരുവരെയും മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഏഴു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Also read: കയ്യിൽ ഗിറ്റാറുമായി ആനന്ദ് മഹീന്ദ്ര; 'ത്രോബാക്ക്' ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നീലച്ചിത്ര നിർമാണത്തിലൂടെ സമ്പാദിച്ച പണം കുന്ദ്ര ഓൺലൈൻ വാതുവെപ്പിന് ഉപയോഗിച്ചതായാണ് പൊലീസ് നിഗമനം. ഇതിനാൽ തന്നെ രാജ് കുന്ദ്രയുടെ യെസ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്ക എന്നീ അക്കൗണ്ടിലൂടെ നടത്തിയ ഇടപാടുകൾ അന്വേഷണ വിധേയമാക്കണമെന്നാണ് അധികൃതരുടെ ആവശ്യം. കഴിഞ്ഞ ഒന്നര വർഷമായി രാജ് കുന്ദ്രയും കമ്പനിയും നൂറിലധികം നീല ചിത്രങ്ങൾ നിർമിച്ചതായും അന്വേഷണ സംഘം പറയുന്നു.
കേസിലെ മുഖ്യപ്രതിയായ കുന്ദ്ര യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി സഹകരിച്ച് നീല ചിത്രങ്ങൾ ആപ്പ് വഴി പ്രചരിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 420, 34, 292, 293 വകുപ്പുകളും ഐടി ആക്ട് പ്രകാരവുമുള്ള കുറ്റങ്ങളാണ് രാജ് കുന്ദ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.