ന്യൂഡൽഹി : സൗജന്യ കൊവിഡ് വാക്സിനേഷനായി ശബ്‌ദമുയർത്താൻ രാജ്യത്തെ പൗരന്മാരോട് ആഭ്യര്‍ഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് മഹാമാരിക്കാലത്ത് ജനങ്ങളുടെ സംരക്ഷണത്തിനായുള്ള ഏറ്റവും ശക്തമായ കവചമാണ് വാക്സിന്‍. സൗജന്യ വാക്സിനുവേണ്ടി ഉയരുന്ന ശബ്‌ദത്തിലൂടെ കേന്ദ്രസർക്കാർ ഉണരണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കേന്ദ്രത്തിന്‍റെ വാക്സിനേഷൻ പദ്ധതി പരാജയം : പ്രിയങ്ക ഗാന്ധി
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് വാക്സിനേഷൻ ഡ്രൈവില്‍ പ്രിയങ്ക ഗാന്ധിയും ആശങ്ക പ്രകടിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ 3.4 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ പൂർണമായി പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയിട്ടുള്ളത്. ഇതിന് കാരണം കേന്ദ്രസർക്കാരിന്‍റെ വ്യക്തതയില്ലാത്ത വാക്സിനേഷൻ പദ്ധതിയാണെന്നും പ്രിയങ്ക ആരോപിച്ചു. ''#SpeakUpForFreeUniversalVaccination'' എന്ന ഹാഷ്‌ടാഗോടെയാണ് ഇരുവരും ട്വിറ്ററില്‍ നിലപാട് വ്യക്തമാക്കിയത്.
രാഹുൽ ഗാന്ധി രാഷ്‌ട്രീയം കളിക്കുകയാണെന്ന് ജാവദേക്കർ
അതേസമയം വാക്‌സിന്‍റെ പേരിൽ രാഹുൽ ഗാന്ധി രാഷ്‌ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആരോപിച്ചു. 2021 ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷം ജനുവരി 16 നാണ് രാജ്യത്ത് ആദ്യ ഘട്ട വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവർത്തകർക്കും മുൻനിര തൊഴിലാളികൾക്കുമാണ് മുൻഗണന വിഭാഗത്തിൽ കുത്തിവയ്‌പ്പ് നൽകിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 21.85 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 30,91,543 സെഷനുകളിലായി ആകെ 21,85,46,667 വാക്സിൻ ഡോസുകൾ നൽകി.
Also Read: ബ്ലാക്ക് ഫംഗസ് വ്യാപനം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി