ന്യൂഡൽഹി : ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി തകർത്ത് പെയ്യുന്ന മഴയിൽ 14 മരണം. മഴയെത്തുടർന്നുണ്ടായ കനത്ത മണ്ണിടിച്ചിലിൽ വീടുകളും റോഡുകളും തകർന്നു. പലയിടങ്ങളിലും പാലങ്ങളും ഒലിച്ചുപോയി. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റ് (ഐഎംഡി) അറിയിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ ഹിമാലയൻ മേഖല, പഞ്ചാബ്, ഹരിയാന-ചണ്ഡീഗഢ്-ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 9-10 തീയതികളിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജൂലൈ 10 മുതൽ 13 വരെ ഉത്തർ പ്രദേശിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.
ഹിമാചലിൽ അഞ്ച് മരണം : ഹിമാചലിൽ കനത്തെ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർക്ക് ജീവൻ നഷ്‌ടമായി. ഷിംല ജില്ലയിലെ കോട്‌ഗഢ് മേഖലയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കുളു മേഖലയിൽ ഒരു സ്ത്രീയും ചമ്പയിലെ കടിയാൻ തഹസിലിൽ യുവാവും മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു.
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 13 ഉരുൾപൊട്ടലും ഒമ്പത് വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്‌തതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്‍റർ അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ഞായറാഴ്‌ച രാവിലെ 736 റോഡുകൾ അടച്ചു. മണാലിയിൽ നിരവധി കടകൾ ഒലിച്ചുപോയി. കുളുവിലെ നുള്ള, കിന്നൗർ, ചമ്പ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഒലിച്ചുപോയി.
രവി, ബിയാസ്, സത്‌ലജ്, ചെനാബ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന നദികളും കരകവിഞ്ഞൊഴുകുകയാണ്. മണ്ണിടിച്ചിലിലും മരങ്ങൾ വീണ് പലയിടത്തും റെയിൽവേ ട്രാക്ക് തടസപ്പെട്ടതിനാൽ യുനെസ്‌കോ പൈതൃക മേഖലയായ ഷിംലയ്ക്കും കൽക്ക ട്രാക്കിനുമിടയിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി.
കാർ ഗംഗയിൽ മറിഞ്ഞ് മൂന്ന് മരണം : ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ കാർ ഗംഗയിലേക്ക് മറിഞ്ഞ് മുന്ന് പേർ മരിച്ചു മൂന്ന് പേരെ കാണാതായിട്ടുണ്ട്. 11 പേർ സഞ്ചരിച്ച വാഹനമാണ് ഗംഗയിലേക്ക് പതിച്ചത്. അഞ്ചുപേരെ രക്ഷപ്പെടുത്തി ഋഷികേശിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുന്നതിനാലും ഉരുൾ പൊട്ടലുണ്ടായതിനാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി മുന്നറിയിപ്പ് നൽകി.
ജമ്മുവിലും രാജസ്ഥാനിലും കനത്ത മഴ : ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ശനിയാഴ്‌ച വൈകുന്നേരം വെള്ളപ്പൊക്കത്തിൽ രണ്ട് സൈനികർ ഒഴുക്കിൽപ്പെട്ട് മരിച്ചു. രാജസ്ഥാനിലും കനത്ത മഴയെത്തുടർന്ന് വ്യത്യസ്‌ത സംഭവങ്ങളിലായി ശനിയാഴ്‌ച നാല് പേർ മരിച്ചിരുന്നു. ചിറ്റോർഗഡിൽ ഇടിമിന്നലേറ്റ് ഒരു പുരുഷനും സ്ത്രീയും മരിച്ചു. സവായ് മധോപൂരിൽ രണ്ട് വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ട് പുരുഷന്മാർ മുങ്ങിമരിച്ചു.
ഡൽഹിയിൽ റെക്കോഡ് മഴ : അതേസമയം ഡൽഹിയിൽ 1982ന് ശേഷം ജൂലൈയിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ റെക്കോഡ് മഴയാണ് ശനിയാഴ്‌ച രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ ഡൽഹിയിൽ 153 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയിൽ ഡൽഹിയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി.
പാർക്കുകൾ, അണ്ടർപാസുകൾ, മാർക്കറ്റുകൾ, ആശുപത്രി പരിസരങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റും മഴയും പല പ്രദേശങ്ങളിലും വൈദ്യുതി, ഇന്‍റർനെറ്റ് കണക്‌ടിവിറ്റി എന്നിവയെ തടസപ്പെടുത്തി. അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും ഞായറാഴ്‌ച അവധി റദ്ദാക്കി ജോലിക്ക് പ്രവേശിക്കാൻ നിർദേശിച്ചിരുന്നു.