ന്യൂഡൽഹി: ചരക്ക് കൂലിക്കുള്ള ഓൺലൈൻ പണമടയ്ക്കല്‍ സംവിധാനത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി റെയിൽവേ മന്ത്രാലയം. എസ്.ബി.ഐയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ചരക്ക് വാണിജ്യ വികസന (എഫ്.ബി.ഡി) പോർട്ടലിലൂടെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രീമിയം ചാർജ്, വാഗൺ രജിസ്ട്രേഷൻ ഫീസ്, ഡെമറേജ്, വാർഫേജ്, സൈഡിംഗ് ചാർജ് തുടങ്ങിയവയ്ക്കും ചരക്ക് ശേഖരണത്തിനും മറ്റും ഈ സൗകര്യം നൽകും. ഉപഭോക്താവ് ഓൺലൈൻസൗകര്യം നേടാൻ തയ്യാറാണെങ്കിൽ എഫ്.ബി.ഡി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജൂൺ ഒന്നുമുതലാണ് ഈ സംവിധാനം നിലവിൽ വരിക.
റെയിൽവേ കുടിശ്ശിക അടയ്‌ക്കാനുള്ള ബാധ്യത ഉപഭോക്താക്കൾക്കുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. നെറ്റ് ബാങ്കിംഗ് / ആർ.ടി.ജി.എസ് / നെഫ്റ്റ്, ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ് / യു.പി.ഐ തുടങ്ങിയവയില്‍ ഓൺലൈൻ പേയ്‌മെന്റ് ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.