ജമ്മു: ട്രെയിനുകൾ ഒരുപക്ഷെ വീണ്ടും ഓടിത്തുടങ്ങിയേക്കാം. എന്നാൽ ചുമട്ടുതൊഴിലാളികളുടെ ജീവിതം അങ്ങനെയല്ല. കൊവിഡിനെ തുടർന്ന് 2020 മാർച്ചിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത് മുതൽ ഇരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. തങ്ങളുടെ ഈ തൊഴിൽ ജീവിതത്തിനിടയിൽ ഇത്രയേറെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്നാണ് ജമ്മുവിലെ കൂലിത്തൊഴിലാളികൾ പറയുന്നത്.
ജമ്മു തവി റെയിൽവേ സ്റ്റേഷന് സമീപം വാടകയ്‌ക്കെടുത്ത മുറിയിലാണ് റെയിൽവേ കൂലിയായ ജോഗീന്ദർ ശർമ്മ കുടുംബത്തോടൊപ്പം താമസിക്കുന്നത്. നാല് പതിറ്റാണ്ടായി അദ്ദേഹം ഒരു ചുമട്ടുതൊഴിലാളിയായി പ്രവർത്തിക്കുന്നു. തന്‍റെ 40 വർഷ തൊഴിൽ ജീവിതത്തിനിടയിൽ ഇത്രയേറെ സംഘർഷം അനുഭവിച്ചിട്ടില്ലെന്നാണ് ഈ 60കാരന്‍റെ മറുപടി. കൊവിഡ് മൂലം ട്രെയിൻ സർവീസ് നിലച്ചതിനു ശേഷം തൊഴിലാളികൾ പ്രരതിസന്ധിയിൽ തുടരുകയാണ്. ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും കൊവിഡ് ഭീതി മൂലം പല യാത്രക്കാരും ചുമട്ടുതൊഴിലാളികളെ ആശ്രയിക്കാത്തതും തൊഴിലാളികൾകിടയിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.