ന്യൂഡൽഹി: ബിബിസി ഇന്ത്യയുടെ മുംബൈ, ഡല്‍ഹി ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്‌ഡ് രണ്ടാം ദിവസവും തുടരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിനെതിരെ നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി ബിബിസിയുടെ ഓഫിസുകളിൽ ചൊവ്വാഴ്‌ച മുതലാണ് ആദായനികുതി വകുപ്പിന്‍റെ റെയ്‌ഡ് ആരംഭിച്ചത്.
ബിബിസിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഇലക്ട്രോണിക്, പേപ്പർ ഡാറ്റകളെല്ലാം ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നതായാണ് വിവരം. ചൊവ്വാഴ്‌ച രാവിലെ 11.30 ഓടെ ഓഫിസുകളിൽ എത്തിയ അന്വേഷണസംഘം ഇപ്പോഴും അവിടെ തുടരുകയാണ്. ചൊവ്വാഴ്‌ച രാത്രി മറ്റ് ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും പോകാൻ അനുവദിച്ചെങ്കിലും ധനകാര്യത്തിലെയും മറ്റ് ചില വകുപ്പുകളിലെയും ജീവനക്കാരെ ഉദ്യോഗസ്‌ഥർ പോകാൻ അനുവദിച്ചില്ല.
ഓപ്പറേഷൻ്റെ ഭാഗമായി ചില കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും പിടിച്ചുവച്ചതായും അധികൃതർ അറിയിച്ചു. മൂർച്ചയേറിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിതെളിച്ച വിഷയത്തിൽ നേരത്തെ ബിബിസി "വിഷകരമായ റിപ്പോർട്ടിംഗ്" അഴിച്ചുവിടുകയാണെന്ന് ഭരണകക്ഷിയായ ബിജെപി ആരോപിച്ചിരുന്നു. അതേസമയം 'ഇന്ത്യ ദി മോദി ക്വസ്‌റ്റൻ' എന്ന 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററി സംപ്രേഷണം ചെയ്‌ത് ആഴ്‌ചകൾക്ക് ശേഷമുള്ള റെയ്‌ഡ് നീക്കത്തെ പ്രതിപക്ഷം ചോദ്യം ചെയ്‌തു.
ബിബിസി അനുബന്ധ കമ്പനികളുടെ അന്താരാഷ്ട്ര നികുതിയും കൈമാറ്റ വിലയും സംബന്ധിച്ച പ്രശ്‌നങ്ങൾ അന്വേഷിക്കുന്നതിനാണ് സർവേ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച പറഞ്ഞു. നടപടിയെക്കുറിച്ച് ആദായനികുതി വകുപ്പിൽ നിന്ന് ഔദ്യോഗിക പ്രസ്‌താവനകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും അധികാരികളുമായി സഹകരിക്കുകയാണെന്നും ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിങ്ങ് കോർപ്പറേഷൻ (ബിബിസി) അറിയിച്ചു.
'ആദായനികുതി അധികാരികൾ ന്യൂഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫിസുകളിൽ തുടരുകയാണ്. നിരവധി ജീവനക്കാർ ഇപ്പോൾ കെട്ടിടം വിട്ടുപോയിട്ടുണ്ട്, എന്നാൽ ചിലരോട് അന്വേഷണങ്ങളുമായി സഹകരിച്ച് അവിടെതന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ഞങ്ങൾ ഞങ്ങളുടെ ജീവനക്കാരെ പിന്തുണയ്ക്കുന്നു, ഈ സാഹചര്യം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നു, ഇന്ത്യയിലെ പ്രേക്ഷകരെ സേവിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്', ബിബിസി ന്യൂസ് പ്രസ് ടീം ചൊവ്വാഴ്‌ച രാത്രി 10.26 ന് ഔദ്യോഗിക ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.
കമ്പനിയുടെ ബിസിനസ് പരിസരങ്ങൾ ഒഴികെ പ്രൊമോട്ടർമാരുടെയോ ഡയറക്‌ടർമാരുടെയോ വസതികളിലും മറ്റ് സ്ഥലങ്ങളിലും റെയ്‌ഡ് വിപുലീകരിക്കുന്നില്ല. വിവാദ ഡോക്യുമെൻ്റെറിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ബിബിസിയെ പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി കഴിഞ്ഞയാഴ്‌ച തള്ളിയിരുന്നു. 'ഹർജി തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും' സുപ്രീം കോടതി പറഞ്ഞു.
ഡോക്യുമെൻ്ററി തടയാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്യുന്ന മറ്റ് ഹർജികൾ അടുത്ത ഏപ്രിലിൽ പരിഗണിക്കും. ഡോക്യുമെൻ്ററിയുടെ ലിങ്കുകൾ പങ്കിടുന്ന ഒന്നിലധികം യൂട്യൂബ് വീഡിയോകളും ട്വിറ്റർ പോസ്‌റ്റുകളും ബ്ലോക്ക് ചെയ്യാൻ ജനുവരി 21ന് സർക്കാർ നിർദേശം നൽകിയിരുന്നു.