ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ ചൂടിൽ പൊള്ളുകയാണ് കർണാടക. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടി നേതാക്കന്മാർ പ്രചാരണം കൊഴുപ്പിക്കുകയാണ്. രണ്ടു ദിവസമായി ബിജെപിക്കായി കർണാടകയുടെ നിയമസഭ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മേദി തന്നെ നേരിട്ടെത്തിയുള്ള പൊതുപരിപാടികൾ പുരോഗമിക്കുകയാണ്.
മെഗാ റോഡ് ഷോ ഉൾപ്പടെയുള്ള പരിപാടികൾക്ക് വൻ സ്വീകരണമായിരുന്നു ബിജെപി പ്രവർത്തകർ നൽകിയത്. അതേസമയം കോൺഗ്രസിന് വേണ്ടി സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മെയ് 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തലസ്ഥാനത്ത് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനിരിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് ഡെലിവറി ബോയ്‌യുടെ സ്‌കൂട്ടറിൽ ബെംഗളൂരുവിലെ ഹോട്ടലിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് മാധ്യമ ശ്രദ്ധ നേടിയത്.
also read : മെഗാ റോഡ് ഷോയുമായി മോദി; പ്രചാരണച്ചൂടിൽ കർണാടക: കന്നട പോരിന് ഇനി 3 നാൾ
തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ വോട്ടർമാരെ ആകർഷിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റി പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് മത്സര രംഗത്തുള്ള പാർട്ടികൾ. ഇന്ന് രാവിലെ ന്യൂ തിപ്പസാന്ദ്ര റോഡിലെ കെംപെഗൗഡ പ്രതിമയ്‌ക്ക് സമീപത്ത് നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെഗാ റോഡ് ഷോ ആരംഭിച്ചത്. ട്രിനിറ്റി സർക്കിൾ വരെ എട്ട് കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടത്തിയത്.
പ്രതീക്ഷയിൽ ബിജെപി: കെംപെഗൗഡ പ്രതിമയ്‌ക്ക് പുഷ്‌പാർച്ചന അർപ്പിച്ച് ആരംഭിച്ച യാത്ര അഞ്ച് നിയമസഭ മണ്ഡലങ്ങളിലൂടെയാണ് കടന്ന് പോയത്. പ്രധാനമന്ത്രി നേരിട്ടെത്തിയുള്ള പ്രചാരണം തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് നല്ല രീതിയിൽ ഗുണം ചെയ്യുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. സംഗീതോപകരണങ്ങളും പുഷ്‌പാർച്ചനകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തെരുവുകളിൽ വൻ ജനക്കൂട്ടമാണ് അണിനിരന്നത്.
also read : 'തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാർട്ടി' ; വിവാദ പരാമർശം, മോദിക്കെതിരെ പൊലീസിൽ പരാതി നൽകി കോണ്‍ഗ്രസ്
സംസ്ഥാനത്തെ ബിജെപി നേതാക്കളും പ്രധാനമന്ത്രിയ്‌ക്കൊപ്പം റാലിയെ അനുഗമിച്ചിരുന്നു. ഇന്നലെ മോദി നഗരത്തിൽ ഏകദേശം 13 മണ്ഡലങ്ങളിലായി 26 കിലോമീറ്റർ ദൂരം റോഡ്‌ഷോ നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബെലഗാവി സൗത്ത് മണ്ഡലത്തിലും മെഗാ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.
പ്രചാരണം ഫലം കാണുമോ: ബിജെപി അനുഭാവികളുടെ വൻ ജനക്കൂട്ടമാണ് അമിത് ഷായുടെ വാഹനത്തോടൊപ്പം ജാഥയെ അനുഗമിച്ചത്. ഇതിനിടെ കോൺഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളും തെരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോര് മുറുകുന്നതിനും വലിയ പ്രതിഷേധ പ്രകടനങ്ങൾക്കും കാരണമായ പ്രഖ്യാപനങ്ങളായിരുന്നു കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടായിരുന്നത്. മെയ് 13നാണ് കർണാടകയിൽ വോട്ടെണ്ണൽ നടക്കുക.