ന്യൂഡല്‍ഹി: എല്ലായ്‌പ്പോഴും വിജയിക്കുക സത്യം മാത്രമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് പരമാവധി ശിക്ഷയ്‌ക്ക് സുപ്രീം കോടതി നല്‍കിയ സ്‌റ്റേയില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. തനിക്ക് നല്‍കിയ പിന്തുണയ്‌ക്ക് രാഹുല്‍ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.
'വിജയം രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, രാജ്യത്തെ ജങ്ങളുടെയും ജനാധിപത്യത്തിന്‍റെയും കൂടി വിജയമാണെന്ന്' കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മോദി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ശിക്ഷ വിധിച്ചതിന് 24 മണിക്കൂറുകള്‍ക്ക് ശേഷം ലോക്‌സഭയില്‍ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയെങ്കില്‍, അയോഗ്യത നീക്കിയ ശേഷം എത്ര സമയം കൊണ്ട് അദ്ദേഹത്തെ സഭയിലേയ്‌ക്ക് തിരിച്ചെടുക്കുമെന്നും ഖാര്‍ഗെ ചോദിച്ചു.
'എപ്പോഴും സത്യം വിജയിക്കും. ഇന്ന് മാത്രമല്ല, നാളെയും ഇനിയുള്ള ദിവസങ്ങളിലും അങ്ങനെ തന്നെ തുടരും. എനിക്ക് നല്‍കിയ പിന്തുണയ്‌ക്ക് ജനങ്ങളോട് ഞാന്‍ നന്ദി പറയുകയാണ്'- രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഞങ്ങളെ സംബന്ധിച്ച് ഇന്ന് വളരെ സന്തോഷം നിറഞ്ഞ ദിവസമാണ്. ജനാധിപത്യം വിജയിച്ചു, ഭരണഘടന വിജയിച്ചു. സുപ്രീം കോടതി വിധിയെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്, ഭരണഘടന ഇന്നും ജീവിക്കുന്നു'- ഖാര്‍ഗെ അറിയിച്ചു.
രാഹുല്‍ ഗാന്ധിക്ക് പ്രവര്‍ത്തകരുടെ സ്വീകരണം: കേസിന്‍റെ വിധി വന്നതിന് ശേഷം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. 'ഇനി പാര്‍ലമെന്‍റിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗമാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നതെന്ന്' അഭിഷേക് സിങ്‌വി പറഞ്ഞു.
കേസില്‍ രാഹുല്‍ ഗാന്ധിയുടെ പരമാവധി ശിക്ഷയ്‌ക്ക് സുപ്രീം കോടതി സ്‌റ്റേ നല്‍കി. വിചാരണ കോടതിയെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്‌തു. ഇതോടെ വിലക്ക് നീങ്ങി രാഹുല്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കേസിന്‍റെ വിധി വന്നതിന് ശേഷം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. ഇനി പാര്‍ലമെന്‍റിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗമാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നതെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു.
സൂറത്ത് കോടതിയുടെ വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി: ജസ്‌റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ചത്. ഇതിന്‍ മേല്‍ സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. സൂറത്ത് കോടതി വിധി സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരന്‍റെ അവകാശത്തെ കൂടാതെ അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളുടെ അവകാശങ്ങളെയും ഇത് ബാധിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കിയെന്ന് വിചാരണ കോടതി വിശദീകരിക്കണമെന്ന് ജസ്‌റ്റിസ് നരസിംഹ ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വിയാണ് രാഹുല്‍ ഗാന്ധിക്കായി ഹാജരായത്.