ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് മൗലാന ആസാദ് റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദേശീയ പതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തില്‍ ദേശീയ ഗാനത്തിന്‍റെ അകമ്പടിയോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതാക ഉയര്‍ത്തിയത്. ഇതോടെ ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി.
പ്രിയങ്ക ഗാന്ധി വാദ്രയ്‌ക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം മൗലാന ആസാദ് റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി ഒത്തുചേര്‍ന്നിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി തനിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ അണിനിരന്ന പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് സംസാരിച്ചു. പന്ത ചൗക്കില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി.
2022 സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര 136 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്ന് ശ്രീനഗറില്‍ സമാപിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിനോട് അനുബന്ധിച്ച് പര്യടനത്തിന്‍റെ അവസാന ദിവസമായിരുന്ന ഇന്നലെ ലാല്‍ ചൗക്കിലെ ചരിത്ര പ്രസിദ്ധമായ ക്ലോക്ക് ടവറില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തിയിരുന്നു. ജമ്മു കശ്‌മീരിലെ നര്‍വാളില്‍ നടന്ന ഇരട്ട സ്‌ഫോടനം സുരക്ഷ ആശങ്ക ഉയര്‍ത്തിയിരുന്നു.
പരിപാടിയ്‌ക്ക് കനത്ത സുരക്ഷ: വാഹന ഗതാഗതം പൂര്‍ണമായി നിര്‍ത്തലാക്കിയും കടകളും ചന്തയും തുറക്കാന്‍ അനുവദിക്കാതെയുമാണ് രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്‌ക്കും ഇന്നലെ ലാല്‍ ചൗക്കില്‍ ജമ്മു കശ്‌മീര്‍ ഭരണകൂടം സുരക്ഷ ഒരുക്കിയത്. തുടര്‍ച്ചയായ രണ്ടാം ദിവസവും ലാല്‍ ചൗക്കില്‍ വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സുരക്ഷ ക്രമീകരണം. 28ന് രാത്രി തന്നെ ലാല്‍ ചൗക്കിലെ പ്രധാന റോഡുകള്‍ അടച്ചിരുന്നു.
ഭാരത് ജോഡോ യാത്രയുടെ അവസാന ദിവസമായിരുന്ന ഇന്നലെ പന്ത ചൗക്കില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും പര്യടനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ത്രിവര്‍ണ പതാകയും കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി പതാകയുമേന്തി സ്‌ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഭാരത് ജോഡോ യാത്രയില്‍ പന്ത ചൗക്കില്‍ അണിനിരന്നത്.
Also Read:12 സംസ്ഥാനം, 4080 കിലോമീറ്റര്‍; ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് ശ്രീനഗറില്‍ സമാപനം
ശനിയാഴ്‌ച നടന്ന പര്യടനത്തില്‍ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയും പങ്കെടുത്തിരുന്നു. 'രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്‌മീരിന് ശുദ്ധവായു പോലെയാണ്. 2019ന് ശേഷം ഇതാദ്യമായാണ് കശ്‌മീരികള്‍ ഇത്രയധികം കൂട്ടത്തോടെ പുറത്തിറങ്ങുന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത് മികച്ച അനുഭവമായിരുന്നു', മെഹബൂബ മുഫ്‌തി പറഞ്ഞു. യോഗേന്ദ്ര യാദവിന്‍റെ നേതൃത്വത്തിലുള്ള സിവിൽ സൊസൈറ്റി സംഘവും ശനിയാഴ്‌ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു.
സമാപന സമ്മേളനം ഷേര്‍ ഇ കശ്‌മീര്‍ സ്റ്റേഡിയത്തില്‍: 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 3,970 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്. ശ്രീനഗറിലെ ഷേര്‍ ഇ കശ്‌മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്നലെ തന്നെ ശ്രീനഗറില്‍ എത്തിയിരുന്നു. സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായി 21 രാഷ്‌ട്രീയ പാര്‍ട്ടികളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. ജെഡിയു, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.