ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി. കൊവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവർത്തകരുടെ സ്റ്റാറ്റിസ്‌റ്റിക്‌സ് പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
165 ഇന്ത്യൻ മാധ്യമ പ്രവർത്തകരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിലിൽ ഓരോ ദിവസവും രണ്ട് മാധ്യമ പ്രവർത്തകരാണ് പ്രതിദിനം മരിച്ചത്. ആരോഗ്യ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും വാക്‌സിനേഷന് മുൻഗണന നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു.
ഏപ്രിൽ 14ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാധ്യമപ്രവർത്തകർക്ക് വാക്‌സിനേഷനിൽ പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരുടെ മരണത്തിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അനുശോചിച്ചിരുന്നു. ഇന്ത്യയിൽ 3,92,488 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 3,689 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. അതേ ദിവസം 3,07,865 പേർ രോഗമുക്തി നേടി.