ന്യൂഡൽഹി: ലോക്‌സഭയില്‍ രാഹുൽ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ ആരോപണത്തില്‍ വസ്‌തുത അന്വേഷിക്കാന്‍ സിസിടിവി ദൃശ്യം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ സ്‌മൃതി ഇറാനിയുടെ ആരോപണത്തെ തുടര്‍ന്ന് വലിയ വിമര്‍ശനം പൊട്ടിപ്പുറപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനി പാർലമെന്‍റില്‍ വച്ചാണ് ഇത് സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. ഇത്തരമൊരു പെരുമാറ്റം സഭയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ല. സ്ത്രീവിരുദ്ധനായ ഒരാൾക്ക് മാത്രമേ വനിത അംഗങ്ങൾക്ക് നേരെ ഫ്ലൈയിങ് കിസ് നല്‍കാൻ കഴിയുകയുള്ളൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്‍റില്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും സ്‌മൃതി ഇറാനി ആരോപിച്ചു.
READ MORE | പാർലമെന്‍റില്‍ 'ഫ്ലൈയിങ് കിസ്', രാഹുല്‍ ഗാന്ധിക്ക് എതിരെ സ്‌മൃതി ഇറാനി
ലോക്‌സഭയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായ തെളിവുകളോടുകൂടി മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഈ ആരോപണവുമായി ബന്ധപ്പെടുത്തി രാഹുലിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ബിജെപി ഉയര്‍ത്തിയത്. ഒരു വർഷമോ പരമാവധി അഞ്ച് വർഷമോ ശിക്ഷയും പുറമെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് രാഹുല്‍ ചെയ്‌തതെന്ന തരത്തില്‍ ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഫ്ലൈയിങ് കിസ് നല്‍കിയ ശേഷം രാഹുല്‍ സഭ വിട്ടുപോയെന്നും ഇത് പാർലമെന്‍റിനോടും അംഗങ്ങളോടുമുള്ള അവഹേളനമാണെന്നും ബിജെപി എംപി ശോഭ കരന്ദ്‌ലാജെ ആരോപിച്ചു. ഇത് സംബന്ധിച്ച് ബിജെപി വനിത എംപിമാർ സ്‌പീക്കർക്ക് പരാതി നല്‍കിയിരുന്നു.
വിവാദം രാഹുലിന്‍റെ രൂക്ഷമായ വിമര്‍ശനത്തിന് പിന്നാലെ: മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ സുപ്രീം കോടതിയുടെ അനകൂല വിധിയ്‌ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ കിട്ടിയത്. പിന്നാലെ, ഇന്നലെ ലോക്‌സഭയില്‍ തിരിച്ചെത്തിയ രാഹുല്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രസംഗത്തിൽ, 152 പേരുടെ മരണത്തിനിടയാക്കിയ മണിപ്പൂര്‍ കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞത്..: മണിപ്പൂരിലെത്തി അവിടുത്തെ സ്ത്രീകളും കുട്ടികളുമായും താൻ സംസാരിച്ചെന്നും എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ അത് ചെയ്‌തില്ലെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. മണിപ്പൂരില്‍ തന്‍റെ അമ്മയെയാണ് (ഭാരത മാതാവ്) നിങ്ങള്‍ വധിച്ചത്. നിങ്ങൾ ദേശ സ്‌നേഹികളല്ല. രാജ്യദ്രോഹികളാണ്. ഈ സർക്കാരിന്‍റെ രാഷ്ട്രീയമാണ് മണിപ്പൂരില്‍ ഇന്ത്യയെ കൊന്നത്.
ALSO READ : പാർലമെന്‍റിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ; പിന്നില്‍ നിലയുറപ്പിച്ച് സോണിയ ഗാന്ധി
താൻ മണിപ്പൂർ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ മണിപ്പൂർ ഇപ്പോൾ ഇല്ല. ഇന്ത്യൻ സേനയ്ക്ക് ഒറ്റദിവസം കൊണ്ട് മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനാകും. എന്നാല്‍ സർക്കാർ അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നില്ലെന്നും രാഹുല്‍ ആരോപണമുയർത്തി. താൻ ഇവിടെ മുൻപ് അദാനിയെക്കുറിച്ച് പറഞ്ഞത് നിങ്ങളുടെ മുതിർന്ന നേതാവിന് വേദനയുണ്ടാക്കിയെന്നും രാഹുല്‍ പറഞ്ഞു. ഇന്ന് അദാനിയെ കുറിച്ച് താൻ ഒന്നും പറയില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് മണിപ്പൂർ വിഷയത്തെക്കുറിച്ച് രാഹുല്‍ ഇന്നലെ ലോക്‌സഭയില്‍ സംസാരിച്ചത്.