സൂറത്ത്: രാഹുല്‍ ഗാന്ധി അയോഗ്യനെന്ന് ഗുജറാത്ത് ഹൈക്കോടതി. അപകീർത്തി കേസില്‍ രാഹുല്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേയില്ല. വിചാരണക്കോടതി വിധി റദ്ദാക്കിയില്ല. രാഹുലിന്‍റെ അയോഗ്യത തുടരും. രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത് ലോക്‌സഭാഗംത്വം തിരിച്ചുകിട്ടാൻ. ഇതോടെ വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തില്‍ അടക്കം രാഹുലിന് പങ്കെടുക്കാനാകില്ല. രാഹുലിന് എതിരെ പത്തോളം കേസുകൾ വിവിധ കോടതികളില്‍ പരിഗണനയിലെന്നും ഗുജറാത്ത് ഹൈക്കോടതി. രാഹുല്‍ തെറ്റ് സ്ഥിരമായി ആവർത്തിക്കുന്നുവെന്ന് ഹൈക്കോടതി.
ഈ മാസം അവസാനമാണ് പാര്‍ലമെന്‍റ് മൺസൂൺ സമ്മേളനം നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായി, കോൺഗ്രസ് തങ്ങളുടെ നേതാവിനെ വീണ്ടും എംപിയാക്കാനുള്ള ശ്രമം ശക്തമായി നടത്തിയെങ്കിലും വിധി തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കാണ് വിധി പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍, ഇടക്കാലാശ്വാസം അനുവദിക്കാൻ ജഡ്‌ജി നേരത്തെ വിസമ്മതിച്ചിരുന്നു.
ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന്, രണ്ട് വർഷത്തെ പരമാവധി ശിക്ഷ ലഭിച്ചാല്‍ തന്‍റെ കക്ഷിക്ക് ലോക്‌സഭ സീറ്റ് നഷ്‌ടമാകുമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തിന് വ്യക്തിപരമായും അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തിനും ഗുരുതരമായി ബാധിക്കും. വിധി പുനപരിശോധിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.
രാഹുലിന് തടവും അയോഗ്യതയും, വിശദമായി അറിയാം: 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് ജില്ല കോടതി വിധി മാര്‍ച്ച് 23നാണ് വന്നത്. രണ്ട് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. പുറമെ, എംപി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് മാര്‍ച്ച് 24നാണ് വിജ്ഞാപനമിറക്കിയത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിച്ച പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി വിധിയും പുറമെ ലോക്‌സഭ നടപടിയും വന്നത്.
അദ്ദേഹത്തിനെതിരായുള്ള നടപടി, ചില നിയമ വിദഗ്‌ധരുടെ അഭിപ്രായത്തിൽ 'സ്വാഭാവികമായുള്ള അയോഗ്യത' എന്നതാണ്. എന്നാല്‍, രാഹുലിന് ഈ ശിക്ഷാവിധി മറികടക്കാനും പാർലമെന്‍റിലെ അംഗത്വം അയോഗ്യമാക്കിയത് ഒഴിവാക്കാനാകുമെന്നും മറ്റ് ചിലർ വിലയിരുത്തി. കോണ്‍ഗ്രസ് നേതാവിനെതിരായ കോടതി വിധി, ലോക്‌സഭ നടപടി എന്നിവയ്‌ക്ക് കാരണമായതിനെക്കുറിച്ചും നിയമപരമായ വശങ്ങളെക്കുറിച്ചും കൂടുതലറിയാം.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 102(ഒന്ന്) (ഇ) പ്രകാരമുള്ള മാനനഷ്‌ടക്കേസിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി വിധി പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ഏപ്രിൽ 13ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലാണ് രണ്ട് വര്‍ഷം തടവിനുള്ള നടപടിയ്‌ക്ക് ആധാരമായ പരാമർശം. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നത് വന്നത് ? ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും...' - ഇതായിരുന്നു രാഹുലിന്‍റെ പ്രസംഗത്തിലെ പരാമര്‍ശം.
ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദിയാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. സൂറത്ത് സിജെഎം കോടതിയാണ് രാഹുലിനെതിരെ പരമാവധി ശിക്ഷ വിധിച്ചത്. കോടതി വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് മാര്‍ച്ച് 23ന് തന്നെ ജാമ്യം ലഭിച്ചിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തെ സമയവും അനുവദിച്ചു. ഈ ഉത്തരവാണ് പാർലമെന്‍റ് അംഗമെന്ന നിലയിൽ അദ്ദേഹത്തിന്‍റെ പദവി അയോഗ്യമാക്കുന്നതിലേക്ക് ലോക്‌സഭ സെക്രട്ടേറിയറ്റിനെ നയിച്ചത്.