സൂറത്ത്: 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകാന്‍ രാഹുല്‍, സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് എത്തിയത്. കേസില്‍ ഏപ്രിൽ 13ന് കോടതി വാദം കേള്‍ക്കും.
സൂറത്തിലേക്ക് പോവുന്നതിന് മുന്‍പ് രാഹുൽ എഐസിസി മുൻ അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെതിരായി തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെയാണ് അദ്ദേഹം സൂറത്ത് സെഷൻസ് കോടതിയെ സമീപിച്ചത്. ശിക്ഷയും കുറ്റവും മരവിപ്പിക്കാനുള്ള അപേക്ഷകളും രാഹുല്‍ ഗാന്ധി കോടതിയില്‍ സമർപ്പിച്ചു. കിരിത് പൻവാലയാണ് രാഹുലിന് വേണ്ടി കോടതിയിൽ ഹാജരായത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് കിരിത് പൻവാല കോടതിയോട് ആവശ്യപ്പെട്ടു.
അനുഗമിച്ച് വേണുഗോപാലും ഗെലോട്ടും: എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് തുടങ്ങിയവരും രാഹുലിനെ അനുഗമിച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സൂറത്തിലേക്ക് വരുന്നത് തടയാന്‍ പൊലീസ് അനധികൃതമായി അറസ്റ്റ് ചെയ്യുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രവർത്തകർ സൂറത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്ന് കോൺഗ്രസ് ആരോപിച്ചു.
ALSO READ| പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി, നാം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം : രാഹുല്‍ ഗാന്ധി
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് കേസിന് ആധാരമായ രാഹുലിന്‍റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകള്‍ തമ്മിലുള്ള സാമ്യം പ്രകടമാക്കിയ രാഹുല്‍ ഇങ്ങനെ പറഞ്ഞു.- 'എല്ലാ കള്ളന്മാര്‍ക്കും പൊതുവായി മോദി എന്ന് പേരുള്ളത് എന്തുകൊണ്ടാണ്.' ഈ പരാമര്‍ശത്തിനെതിരെയാണ് ഗുജറാത്ത് മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എയുമായ ബിജെപി നേതാവ് പൂർണേഷ് മോദി കേസ് നല്‍കിയത്. 'മോദി' സമുദായത്തെ ആകെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നല്‍കിയത്.
കോടതി വിധിക്ക് പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാവിധിയിലാണ് അദ്ദേഹത്തെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കിയത്. എട്ട് (മൂന്ന്) വകുപ്പ് പ്രകാരം പാര്‍ലമെന്‍റിലെ ഏതെങ്കിലും അംഗം രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യത കല്‍പ്പിക്കുമെന്ന് ഈ നിയമം വ്യക്തമാക്കുന്നു. എന്നാല്‍, മേല്‍ക്കോടതിയെ സമീപിക്കുന്നതിന് മുന്‍പായുള്ള അയോഗ്യത നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.