ലഡാക്ക് : ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യടക്കിയിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ അവകാശ വാദം തെറ്റാണെന്ന് കോൺഗ്രസ് രാഹുൽ ഗാന്ധി എംപി (Rahul Gandhi). ഇന്ത്യൻ മണ്ണിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം (Chinese occupation) തുടരുകയാണെന്നും ഇതിൽ പ്രദേശവാസികൾ ആശങ്കയിലാണെന്നും രാഹുൽ പറഞ്ഞു. പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ (Rajiv Gandhi) 79-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിക്കാൻ ലഡാക്കിലെത്തിയതായിരുന്നു രാഹുൽ ഗാന്ധി.
ഇന്ന് രാവിലെ പാംഗോങ് ത്സോ തടാകത്തിന് (Pangong Tso lake) സമീപം രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുൻപിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. ചൈന ഇന്ത്യയുടെ ഭൂമി കയ്യേറുന്നതിൽ ഇവിടുത്തെ ജനങ്ങൾക്ക് ആശങ്കയുണ്ട്. ചൈനീസ് പട്ടാളം ഇവിടുത്തെ പ്രദേശവാസികളുടെ സ്ഥലം പിടിച്ചെടുത്തിട്ടും ഒരിഞ്ച് ഭൂമി പോലും നഷ്‌ടപ്പെട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇക്കാര്യം നിങ്ങൾക്ക് ഇവിടെ ആരോട് വേണമെങ്കിലും ചോദിച്ച് തീർച്ചപ്പെടുത്താവുന്നതാണെന്നും രാഹുൽ പറഞ്ഞു.
കേന്ദ്ര ഭരണമാക്കിയതിൽ ജനങ്ങൾ തൃപ്‌തരല്ല : ആർട്ടിക്കൾ 370 റദ്ദാക്കി ജമ്മു കശ്‌മീരിനെ (Jammu Kasmir) രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനേയും രാഹുൽ ഗാന്ധി വിമർശിച്ചു. ലഡാക്ക് (Ladakh) കേന്ദ്ര ഭരണ പ്രദേശമാക്കിയതിൽ ജനങ്ങൾക്ക് പരാതിയുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഈ നടപടിയിൽ സംസ്ഥാനത്തുള്ളവർ തൃപ്‌തരല്ല. തൊഴിലില്ലായ്‌മ ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ രൂക്ഷമാണെന്നും ജനങ്ങൾ പരാതി പറയുന്നു. അവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പിതാവിന്‍റെ ഓർമകളിൽ രാഹുൽ : അതേസമയം, രാജീവ് ഗാന്ധിക്ക് ആദരമപ്പിക്കുന്ന വേളയിൽ അദ്ദേഹത്തോടൊപ്പമുള്ള ഓർമകളും രാഹുൽ പങ്കുവെച്ചിരുന്നു. ഒരിക്കൽ പാംഗോങ് ത്സോ സന്ദർശിച്ച് മടങ്ങിയെത്തിയപ്പോൾ തടാകത്തിന്‍റെ ചില ചിത്രങ്ങൾ തനിക്ക് കാണിച്ചുതന്നതായി രാഹുൽ ഓർത്തെടുത്തു. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലമാണിതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
Read More : Rajiv Gandhi birth anniversary: ഓർമയില്‍ രാജീവ്, 79ാം ജന്മ വാർഷികത്തില്‍ വീർഭൂമിയിൽ പുഷ്‌പാർച്ചന
ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഇവിടെ വളരണമെന്ന് കരുതിയിരുന്നതായും എന്നാൽ സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അന്ന് സാധിച്ചില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇതിന് പുറമെ രാജീവ് ഗാന്ധിയ്‌ക്ക് ആദരമർപ്പിച്ച് അദ്ദേഹത്തിന്‍റെ പാതയാണ് താനും പിന്തുടരുന്നതെന്ന ഒരു കുറിപ്പും രാഹുൽ എക്‌സിൽ (Twitter) പങ്കിട്ടിരുന്നു. ചടങ്ങിന് ശേഷം നുബ്ര താഴ്‌വരയും കാർഗിലും സന്ദർശിക്കുമെന്നും രാഹുൽ അറിയിച്ചു. തടാകം സന്ദർശിച്ച സമയത്ത് ജമ്മു കശ്‌മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വികാർ റസൂൽ വാനിയും മറ്റ് നിരവധി പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ലഡാക്കിൽ നാല് ദിവസത്തെ പര്യടനത്തിനെത്തിയ രാഹുൽ ഗാന്ധി ശനിയാഴ്‌ച പാംഗോങ് ത്സോയിലേക്ക് ബൈക്ക് യാത്ര നടത്തിയിരുന്നു.