പട്ന: കൊവിഡിലും ലോക്ക് ഡൗണിലും സഹായിക്കാതെ ദുരിതബാധിതരിൽ നിന്നും പ്രധാനമന്ത്രിയും ബിഹാർ മുഖ്യമന്ത്രിയും ഇപ്പോൾ വോട്ട് തേടുകയാണെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡും ലോക്ക് ഡൗണും കാരണം ദുരിതത്തിലായ തൊഴിലാളികളെ സഹായിക്കുന്നതിന് പകരം അവർക്കെതിരെ ലാത്തി പ്രയോഗിച്ചു. ഇപ്പോൾ അവരോട് തന്നെ നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും വോട്ട് തേടുകയാണെന്ന് ബിഹാരിഗഞ്ചിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി സംസാരിച്ചു.
യുവാക്കൾക്ക് ജോലി നൽകുമെന്നും ബിഹാറിനെ മാറ്റുമെന്നും നിതീഷ് കുമാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നടപ്പാക്കിയില്ല. വാഗ്ദാനം ചെയ്ത ജോലികളെക്കുറിച്ച് പൊതുപരിപാടികളിൽ യുവാക്കൾ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ അദ്ദേഹം അവരെ ഭീഷണിപ്പെടുത്തുകയും തല്ലി ഓടിക്കുകയും ചെയ്യുകയാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
പുതിയ കാർഷിക നിയമങ്ങൾ കർഷകനെ മോചിപ്പിച്ചെന്ന മോദിയുടെ വാദത്തെയും രാഹുൽ ഗാന്ധി വിമർശിച്ചു. പുതുതായി പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളിലൂടെ പ്രധാനമന്ത്രി പുതിയ ഇടനിലക്കാർക്ക് വഴിയൊരുക്കി. അംബാനിയും അദാനിയും ഉൾപ്പെടുന്ന കോടീശ്വർക്കാണ് കാർഷിക നിയമം ഗുണപ്രദം. ഈ പുതിയ കാർഷിക നിയമങ്ങൾ കാരണം പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യയോഗ്യമായ വസ്തുക്കളുടെയും വില വർധിക്കുകയാണെന്നും ഇവിടെ ഉത്പാദിപ്പിക്കുന്ന ധാന്യങ്ങൾ വലിയ ഗോഡൗണുകളിലേക്ക് പോയി വലിയ വിലക്ക് വിൽക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.