ന്യൂഡൽഹി: ഡൽഹിയില്‍ ട്രാക്‌ടർ റാലിക്കിടെ നടന്ന ആക്രമണങ്ങളിൽ ഡൽഹി പൊലീസ് ഏഴ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തു. ഈസ്റ്റ് ഡൽഹിയിൽ മൂന്ന്, ദ്വാരകയിൽ മൂന്ന്, ഷാധാരാ ജില്ലയിൽ ഒന്ന് എന്നിങ്ങനെയാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിക്കിടെ പതിനായിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. നഗരത്തിൽ നാശനഷ്‌ടങ്ങൾ ഉണ്ടാക്കുകയും ഡൽഹിയിലെ ചെങ്കോട്ടയിൽ കടന്ന് കൊടി നാട്ടുകയും ചെയ്‌തു. പ്രതിഷേധത്തിനിടെ 86 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഐടിഒയിൽ നടന്ന റാലിക്കിടെ ട്രാക്‌ടർ മറിഞ്ഞ് ഒരു കർഷകൻ മരിച്ചു.
നിർദിഷ്‌ട സമയത്ത് നിശ്ചയിച്ച സഞ്ചാരപാതയിലൂടെ സമാധാനപരമായി റാലി നടത്തുമെന്ന് സംഘടന പൊലീസിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധക്കാർ നിർദേശങ്ങൾ പാലിക്കാതെ പൊലീസുമായി ഏറ്റുമുട്ടുകയും ബാരിക്കേഡുകൾ മറിച്ചിടുകയും നഗരത്തിൽ അക്രമം അഴിച്ചുവിടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്‌ച പൊലീസും കർഷകരും തമ്മില്‍ നടന്ന പോരാട്ടം വൈകുന്നേരം വരെ തുടർന്നു. മുക്കർബ ചൗക്ക്, ഗാസിപൂർ, ഐടിഒ, സീമാപുരി, നംഗ്ലോയി, ടിക്രി അതിർത്തി, ചെങ്കോട്ട എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി.
കൂടുതൽ വായനക്ക്: ഡല്‍ഹിയില്‍ ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു