ഹൈദരാബാദ്: ഇന്ത്യന്‍ സ്വാതന്ത്യ്ര ചരിത്രത്തിന്‍റെ താളുകളില്‍ വിസ്‌മരിക്കപ്പെട്ട് പോയ നിരവധി പോരാളികളുണ്ട്. 1947 ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും അതിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചതാണ്. ഇന്ത്യൻ ഗ്രാമങ്ങളിലും നാട്ടുരാജ്യങ്ങളിലുമെല്ലാം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടങ്ങളുണ്ടായി. ബ്രിട്ടീഷ് മേധാവിത്വത്തിന് എതിരെ മരണം വരെ പോരാടിയ ധീര ഭരണാധികാരിയായിരുന്നു റാണി അവന്തിഭായി.
1831 ഓഗസ്റ്റ് 16ന് സിയോണിലെ ഒരു ജന്മി കുടുംബത്തില്‍ ജനനം. ആയുധ പരിശീലനത്തിലും അമ്പെയ്‌ത്തിലും സൈനിക-നയതന്ത്ര-ഭരണ കാര്യങ്ങളില്‍ പ്രാവീണ്യം നേടിയ അവന്തിഭായിയെ രാംഗഡിലെ രാജകുടുംബത്തിലേക്കാണ് വിവാഹം കഴിപ്പിച്ചയച്ചത്. ആന്തോഭായി എന്നാണ് മാതാപിതാക്കള്‍ വിളിച്ചതെങ്കിലും വിവാഹ ശേഷം അവന്തിഭായി എന്ന പേര് സ്വീകരിച്ചു.
1851ല്‍ രാംഗഡ് മഹാരാജാവ് ലക്ഷ്‌മണ്‍ സിംഗ് മരണപ്പെടുകയും മകന്‍ വിക്രമാദിത്യ സിംഗ് ലോധി ഭരണം ഏറ്റെടുക്കുകയും ചെയ്‌തു. എന്നാല്‍ അധികാരത്തില്‍ വന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം രാജാവിന്‍റെ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങി. അതോടെ അധികാരം റാണിക്ക് ഏറ്റെടുക്കേണ്ടി വന്നു. എന്നാല്‍ അവന്തിഭായിയെ ഭരണാധികാരിയായി അംഗീകരിക്കാതിരുന്ന ബ്രിട്ടീഷ് ഭരണകൂടം 'ഡോക്‌ട്രിന്‍ ഓഫ് ലാപ്‌സ്' എന്ന നയത്തിന്‍റെ കീഴില്‍ രാംഗഡില്‍ ഭരണകൂട പ്രതിനിധിയെ നിയോഗിച്ചു.
ആണ്‍ അധികാരികളില്ലാത്ത നാട്ടുരാജ്യങ്ങളില്‍ ഭരണകൂട പ്രതിനിധികളെ നിയോഗിച്ച് ഭരണം പിടിച്ചെടുക്കുകയായിരുന്നു ഈ നയത്തിലൂടെ ബ്രിട്ടീഷ് ഭരണകൂടം ലക്ഷ്യമിട്ടിരുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഗവര്‍ണറായിരുന്ന ജനറല്‍ ഡല്‍ഹൗസി പ്രഭുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. രാജാവിന്‍റെ രണ്ട് മക്കള്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ആരോപിച്ച് കമ്പനി അവിടെ പ്രതിനിധിയെ നിയോഗിച്ചു.
എന്നാല്‍ കമ്പനിയുടെ തീരുമാനത്തില്‍ അതൃപ്‌തി അറിയിച്ച അവന്തിഭായി ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. രാംഗഡിലെ ഖേരില്‍ നടന്ന പോരാട്ടത്തില്‍ അവന്തിയുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ബ്രിട്ടീഷ് സൈന്യത്തിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. എന്നാല്‍ പിന്നീട് ബ്രിട്ടീഷ് സൈന്യം തിരിച്ചെത്തി രാംഗര്‍ഹിന് നേരെ ആക്രമണം അഴിച്ചുവിടുകയും സൈനിക കേന്ദ്രങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്‌തു. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ റാണിയും സൈന്യവും ദേവഹരിഗഡ് വനത്തില്‍ ഒളിച്ചു.
Also Read: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര രക്തസാക്ഷി - ഖുദിറാം ബോസ്
ബ്രിട്ടീഷ് ആക്രമണത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും അവന്തിഭായി തോല്‍വി സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. ജനറല്‍ വഡ്ഡിങ്‌ടണിന്‍റെ ക്യാമ്പിന് നേരെ അവന്തിയും കൂട്ടരും ഒളിപ്പോരുകള്‍ നടത്തി. എന്നാല്‍ ബ്രിട്ടീഷ് സൈന്യത്തെക്കാള്‍ ആള്‍ബലം കുറവായിരുന്ന അവന്തിഭായിയുടെ സൈന്യത്തിന് അധിക നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. വനത്തില്‍ വച്ചുണ്ടായ പോരാട്ടത്തിനിടെ അവന്തിഭായിയേയും കൂട്ടരേയും ബ്രിട്ടീഷ് സൈന്യം വളഞ്ഞു. കീഴടങ്ങാന്‍ തയ്യാറല്ലാതിരുന്ന അവന്തിഭായി 1858 മാര്‍ച്ച് 20ന് സ്വയം ജീവനൊടുക്കി.