ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ബാഡ്‌മിന്‍റണ്‍ താരം പി.വി സിന്ധുവിന് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ടോക്കിയോയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ താരത്തെ ഹര്‍ഷാരവത്തോടെ വിമാനത്താവളത്തിലെ ജീവനക്കാര്‍ സ്വീകരിച്ചു.
ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബായ്) ജനറല്‍ സെക്രട്ടറി അജയ് സിംഘാനിയയും സായിയുടെ പ്രതിനിധികളും സിന്ധുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ കാത്ത് നിന്നിരുന്നു. സിന്ധുവിന്‍റെ കോച്ച് പാര്‍ക്ക് തെ സാങ്ങും സിന്ധുവിനൊപ്പമുണ്ടായിരുന്നു.
"ഞാന്‍ എറെ സന്തോഷവതിയാണ്. എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്കും മറ്റ് എല്ലാവര്‍ക്കും നന്ദി. ഇത് ആവേശകരമായ ദിനമാണ്," സിന്ധു പറഞ്ഞു.
വനിതകളുടെ സിംഗിള്‍സ് പോരാട്ടത്തില്‍ ചൈനയുടെ ഹിബിങ് ജിയാവോയെ തകര്‍ത്താണ് സിന്ധു തന്‍റെ രണ്ടാം ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഇതുവഴി ബാഡ്‌മിന്‍റണ്‍ സൂപ്പര്‍ താരം സ്വന്തം പേരിലാക്കി. 2016ലെ റിയോ ഒളിമ്പിക്‌സില്‍ സിന്ധു വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.
രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സിന്ധു. രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയ ഗുസ്‌തി താരം സുശീൽ കുമാറാണ് സിന്ധുവിനോടൊപ്പമുള്ള മറ്റൊരു ഇന്ത്യൻ താരം.
Read more: രണ്ട് ഒളിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത; അപൂർവ നേട്ടവുമായി പി.വി സിന്ധു