ഹൈദരാബാദ് : നിസാമാബാദില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് 80കാരന്‍ മരിച്ച സംഭവത്തില്‍ നിര്‍മാതാക്കളായ പ്യൂര്‍ ഇവി 2000 വാഹനങ്ങള്‍ തിരിച്ചുവിളിക്കും. ETRANCE+, EPLUTO 7G എന്നീ മോഡലുകളാണ് തിരിച്ചെടുക്കുന്നത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഉപയോക്താക്കളില്‍ നിന്നും അധികാരികളില്‍ നിന്നും കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. എന്നാല്‍ അപകടത്തില്‍ മരിച്ച വ്യക്തിക്ക് വാഹനം വിറ്റത് സംബന്ധിച്ച രേഖകള്‍ കമ്പനിയുടെ പക്കലില്ല. നേരിട്ട് വാങ്ങിയ ഉപയോക്താവില്‍ നിന്ന് കൈപ്പറ്റിയതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും കമ്പനി പറഞ്ഞു.
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യം അന്വേഷിക്കാന്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കമ്പനിക്കെതിരെ നടപടികളെടുക്കൂവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. കമ്പനിയുടെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനുള്ള ക്യാമ്പുകള്‍ നടത്തുകയും ബാറ്ററി സുരക്ഷയ്ക്ക് വേണ്ടിയുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും.
also read: ചാർജുചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് ഒരു മരണം ; 3 പേർക്ക് പരിക്ക്
പ്യൂര്‍ ഇവി അതിന്‍റെ ഉപഭോക്താക്കളുടെയും വാഹനങ്ങളുടെയും സുരക്ഷ വളരെ ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് കമ്പനി അറിയിച്ചു. ഏപ്രില്‍ 19 നാണ് തെലങ്കാനയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് സുഭാഷ് നഗറിലെ 80 കാരന്‍ രാമസ്വാമി അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രാമസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമസ്വാമിയുടെ ഭാര്യ കമലമ്മയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരുടെ ചെറുമകനും മരുമകള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നു.