ചണ്ഡിഗഡ് : വൈദ്യുതി പ്രതിസന്ധി മൂലം വിതരണം വെട്ടിക്കുറയ്ക്കാനുള്ള പഞ്ചാബ് സർക്കാരിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആം ആദ്‌മി പ്രവർത്തകർ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കോൺഗ്രസും, അകാലിദളുമാണെന്ന് ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി. ദിനം പ്രതിയുള്ള വൈദ്യുതി മുടക്കം സംസ്ഥാനത്തെ ചെറുകിട, ഇടത്തരം കാർഷിക വ്യവസായങ്ങളെ സാരമായി ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: പഞ്ചാബില്‍ അധികാരം കിട്ടിയാല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമെന്ന് കെജ്‌രിവാള്‍
ഉപയോഗം ഏറ്റവും കൂടിയ സമയങ്ങളിൽ സ്വകാര്യ താപവൈദ്യുത നിലയങ്ങൾ വഴി വൈദ്യുതി വിതരണം ചെയ്യുന്നതിൽ വീഴ്‌ചയുണ്ടായതായി അഡീഷണൽ ചീഫ് സെക്രട്ടറി വേണു പ്രസാദ് പറഞ്ഞു. ഇതാണ് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമത്തിന് കാരണമായത്.
കൊവിഡ് കാലഘട്ടത്തിൽ വീടുകളിൽ എയർ കണ്ടീഷനിംഗ് പോലുള്ളവയുടെ ഉപയോഗം വർധിച്ചു. ഇതും വൈദ്യുതി ക്ഷാമത്തിന് കാരണമായെന്നും മഴ ലഭിച്ചാൽ സ്ഥിതി മെച്ചപ്പെടുമെന്നും വേണു പ്രസാദ് അറിയിച്ചു.
പഞ്ചാബില്‍ അധികാരം ലഭിച്ചാല്‍ സംസ്ഥാനത്തെ ഓരോ കുടുംബങ്ങള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.