ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു. അമരീന്ദർ സിംഗിന്‍റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിനെയും ബിജെപിയിൽ ലയിപ്പിച്ചുകൊണ്ടൊണ് പുതിയ നീക്കം. കേന്ദ്ര കൃഷി മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നരേന്ദ്ര സിംഗ് തോമർ, കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു എന്നിവരുടെ സാന്നിധ്യത്തിലാണ് ക്യാപ്റ്റൻ അമരീന്ദർ ബിജെപിയിൽ ചേർന്നത്.
അമരീന്ദർ സിംഗ് പാർട്ടിയേക്കാൾ വലുതായി രാജ്യത്തെ കാണുന്നു. പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിച്ചത് പാർട്ടിക്ക് അഭിമാന നിമിഷമാണ്. ബിജെപിയുടെ അതേ ചിന്താഗതി തന്നെയാണ് ക്യാപ്‌റ്റനുള്ളതെന്നും ബിജെപിക്ക് വേണ്ടി അദ്ദേഹത്തേയും പാർട്ടിയിലെ മറ്റു പ്രവർത്തകരേയും താൻ സ്വാഗതം ചെയ്യുന്നുവെന്നും നരേന്ദ്ര സിങ് ടോമർ പറഞ്ഞു. മുൻ കോൺഗ്രസ് നേതാവും പഞ്ചാബ് അസംബ്ലി ഡെപ്യൂട്ടി സ്‌പീക്കറുമായ അജൈബ് സിംഗ് ഭാട്ടിയും ബിജെപിയിൽ ചേർന്നിരുന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്. എന്നാൽ ബിജെപിയിൽ പാർട്ടി ലയിപ്പിക്കാനുള്ള ക്യാപ്റ്റന്‍റെ നീക്കം തെറ്റായ തീരുമാനമാണെന്ന് കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ പറഞ്ഞു. കർഷകരുടെ പ്രതിഷേധത്തിന് തൊട്ടുപിന്നാലെ ബിജെപിയിൽ ചേരാനുള്ള തീരുമാനം ജനങ്ങൾ സ്വാഗതം ചെയ്യില്ലെന്നും ഹൂഡ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന ആരോപണം തള്ളിക്കളഞ്ഞ ശേഷം ഹരിയാന കോൺഗ്രസ് നേതാക്കൾക്കിടയിൽ തർക്കങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.