ചണ്ഡിഗഡ് : വിവാഹമോചന വിഷയത്തില്‍ ഭാര്യയ്‌ക്ക് ജീവനാംശം നല്‍കുന്നത് ചോദ്യം ചെയ്‌ത ഭര്‍ത്താവിന്‍റെ ഹര്‍ജി പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളി. വിവാഹമോചനത്തെ തുടര്‍ന്ന് ഭാര്യയ്‌ക്ക് പ്രതിമാസം 5,000 രൂപ ജീവനാംശം നല്‍കണമെന്ന ദാദ്രി ജില്ലയിലെ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഭാര്യക്ക് സ്വയം നിലനില്‍ക്കാനാവുന്നില്ലെങ്കില്‍, ഭര്‍ത്താവ് ഒരു യാചകനാണെങ്കില്‍ കൂടി ജീവനാംശം നല്‍കുകയെന്നത് അദ്ദേഹത്തിന്‍റെ ധാര്‍മികവും നിയമപരവുമായ ബാധ്യതയാണെന്ന് കോടതി അറിയിച്ചു.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരമാണ് യുവതി വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതുപ്രകാരം പ്രതിമാസം 15,000 രൂപ ജീവനാംശവും കേസുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി 11,000 രൂപയും ഇവര്‍ ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുപരിഗണിച്ച ചാര്‍ഖി ദാദ്രി കുടുംബ കോടതി യുവതിക്ക് പ്രതിമാസം 5,000 രൂപ ജീവനാംശവും ഒറ്റത്തവണയുള്ള കോടതി ഇടപാടുകള്‍ക്ക് 5,500 രൂപയും ഹര്‍ജി കേള്‍ക്കുന്നതിന് 500 രൂപയും നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.
ഹൈക്കോടതിയിലേക്കെത്തുന്നത് ഇങ്ങനെ: ഈ ഉത്തരവ് ചോദ്യം ചെയ്‌താണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഭാര്യക്ക് സ്വന്തമായി വരുമാന മാര്‍ഗമുണ്ടെന്നും ഇത് വകവയ്‌ക്കാതെയാണ് തന്നില്‍ നിന്നും ജീവനാംശം ആവശ്യപ്പെടുന്നതെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. ജീവനാംശം നല്‍കാന്‍ തന്‍റെ വരുമാനം തികയില്ലെന്നും, ഈ വസ്‌തുതകള്‍ പരിഗണിക്കാതെയാണ് കുടുംബ കോടതി ഭാര്യക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതെന്നും ഭര്‍ത്താവ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
'ഇത് ഒട്ടും കൂടുതലല്ല' : എന്നാല്‍ വിവാഹമോചനക്കേസ് നിലനിൽക്കുന്നിടത്തോളം ഭർത്താവ് ഭാര്യക്ക് പ്രതിമാസ ജീവനാംശം നൽകണമെന്ന് ഹർജി പരിഗണിച്ചുകൊണ്ട് ജസ്‌റ്റിസ് എച്ച്.എസ് മദൻ പറഞ്ഞു. ഇന്നത്തെ കാലത്ത് ഒരു ദിവസ വേതനക്കാരന്‍ പോലും പ്രതിദിനം 500 രൂപയോ അതില്‍ കൂടുതലോ സമ്പാദിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ അത് നല്‍കാന്‍ കഴിവുള്ളയാളാണെന്നും കോടതി അറിയിച്ചു. ഇന്നത്തെ കാലത്ത് വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം പരിഗണിച്ചാല്‍ ജീവനാംശം കൂടുതലാണെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുമ്പ് കര്‍ണാടക ഹൈക്കോടതിയും : അടുത്തിടെ ഭാര്യയ്ക്കും കുട്ടികൾക്കും ജീവനാംശം നൽകേണ്ടത് ഭർത്താവിന്‍റെ കടമയാണെന്നും ജോലിയില്ലെങ്കിൽ തൊഴില്‍ കണ്ടെത്തി അതുചെയ്‌ത് നഷ്ടപരിഹാരം നൽകണമെന്നും കർണാടക ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. തൊഴിൽരഹിതനാണെന്നും ഭാര്യയ്ക്കും കുഞ്ഞിനും ജീവനാംശം നൽകാൻ പണമില്ലെന്നും കാണിച്ചുള്ള ഹര്‍ജിക്കാരന്‍റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. മൈസൂരിലെ കുടുംബ കോടതി പുറപ്പെടുവിച്ച ജീവനാംശ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീലുമായെത്തിയതായിരുന്നു ഈ ഹര്‍ജിക്കാരനും.
ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയേണ്ട: തനിക്ക് കരൾ സംബന്ധമായ അസുഖങ്ങളുണ്ടെന്നും കൃത്യമായ ജോലിയില്ലാത്തതിനാൽ 15,000 രൂപയിൽ കൂടുതൽ പ്രതിമാസം സമ്പാദിക്കാൻ കഴിയില്ലെന്നതിനാല്‍ നഷ്‌ടപരിഹാരം നൽകാനാവില്ലെന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം. എന്നാല്‍ ഈ വാദം തള്ളിയ ഹൈക്കോടതി, ഭാര്യക്ക് 6000 രൂപയും കുട്ടിക്ക് 4000 രൂപയും നഷ്ടപരിഹാരം നൽകിയേ മതിയാകൂവെന്നും നിര്‍ദേശിച്ചു. പതിനായിരം രൂപ എന്നത് ചെലവേറിയതല്ലെന്നും അത് കണ്ടെത്താൻ സാധിക്കില്ല എന്ന വാദം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല കരൾ സംബന്ധമായ അസുഖമുണ്ടെന്ന വാദം സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.