ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി. സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകേണ്ട വാക്സിനുകൾ ലാഭമുണ്ടാക്കാൻ ഉയർന്ന വിലക്ക് വിൽക്കുകയാണെന്ന് ഹർദീപ് സിങ് പുരി ആരോപിച്ചു.
ഡോസിന് 309 രൂപ വീതം 13.25 കോടി രൂപക്ക് വാങ്ങിയ 4.29 ലക്ഷം ഡോസ് കൊവീഷീൽഡ് ഡോസിന് 1000 രൂപക്ക് സ്വകാര്യ ആശുപത്രികൾക്ക് വിറ്റതായി പഞ്ചാബിലെ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്‍റെ ചുമതലയുള്ള ഐഎഎസ് ഓഫിസർ വികാഷ് ഗാർഗ് മെയ് 29ന് പറഞ്ഞതായി ഹർദീപ് സിങ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വാക്സിനുകൾ 1560 രൂപക്കാണ് ജനങ്ങൾക്ക് വിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടാതെ, പഞ്ചാബ് സർക്കാർ 14190 ഡോസ് കോവാക്സിൻ 4.70 കോടി രൂപക്ക് വാങ്ങിയതായും 3000 രൂപക്ക് വാക്സിനുകൾ വിറ്റ മൊഹാലിയിലെ രണ്ട് ആശുപത്രികളെ കുറിച്ച് തനിക്കറിയാമെന്നും പുരി പറഞ്ഞു. 24 കോടിയിലധികം കൊവിഡ് വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്രം നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Also Read: മോഹന്‍ ഭഗവതിന്‍റെ ബ്ലൂടിക്ക് ട്വിറ്റര്‍ പുനസ്ഥാപിച്ചു
രാഹുൽ ഗാന്ധിയുടെ വാദങ്ങളെ വിമർശിച്ച പുരി കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വാക്സിനുകൾ വലിച്ചെറിയുകയാണെന്നും പഞ്ചാബിൽ ജനങ്ങളെ പറ്റിച്ച് ലാഭമുണ്ടാക്കുകയാണെന്നും കൂടാതെ, കാർഷിക നിയമങ്ങളിൽ കോൺഗ്രസ് ആശയക്കുഴപ്പവും നുണയും പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞു.
റാബി സീസണിൽ ഗോതമ്പ് സംഭരണത്തിനായി കേന്ദ്രസർക്കാർ 26,000 കോടി രൂപ പഞ്ചാബ് കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയച്ചിട്ടുണ്ടെന്നും എന്നാൽ പഞ്ചാബ് സർക്കാർ വാക്സിനുകൾ വിറ്റ് 2.4 കോടി രൂപ സമ്പാദിക്കുകയായിരുന്നുവെന്നും നേരത്തെ മന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു.
വിമർശനങ്ങളെത്തുടർന്ന് സ്വകാര്യ ആശുപത്രികളിൽ നിന്ന് കൊവിഡ് വാക്സിനുകൾ തിരിച്ചെടുക്കാൻ പഞ്ചാബ് സർക്കാർ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.