ഛണ്ഡീഗഡ്: പഞ്ചാബിലെ കൊവിഡ് നിയന്ത്രണങ്ങൾ ജൂൺ 10 വരെ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അതേ സമയം കൊവിഡ് പോസിറ്റിവിറ്റി നിരക്ക്, സജീവ കൊവിഡ് രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്‌തു.
കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തി സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ശസ്‌ത്രക്രിയകൾ പുനരാരംഭിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് കിടക്കകൾ, ഓക്‌സിജൻ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഏപ്രിൽ 12 മുതൽ ശസ്‌ത്രക്രിയ നിർത്തി വച്ചിരിക്കുകയായിരുന്നു. പിഎംകെയർ ഫണ്ടിന്‍റെ കീഴിൽ നിന്ന് ലഭിച്ച 809 വെന്‍റിലേറ്ററുകളും വിതരണം ചെയ്‌തതായും അതിൽ 136 എണ്ണം പ്രവർത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. അതേ സമയം ചില സ്വകാര്യ ആശുപത്രികൾ അമിത ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദേശം നൽകി. കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ കൂട്ടം ചേരുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടു വരുമെന്നും ഭോജൻ ഹെൽപ്പ് ലൈൻ ആരംഭിച്ചതിനു ശേഷം നിരവധി പേർക്ക് ഭക്ഷണം വിതരണം ചെയ്യാൻ സാധിച്ചുവെന്നും ഡി.ജി.പി ദിൻകർ ഗുപ്‌ത അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവിൽ 50,549 കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ 4,87,859 പേർ രോഗമുക്തി നേടുകയും 13,827 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.
Also Read: പഞ്ചാബിന് നേരിട്ട് വാക്‌സിന്‍ നല്‍കാന്‍ മൊഡേണ വിസമ്മതിച്ചെന്ന് വെളിപ്പെടുത്തല്‍