ലുധിയാന : വിഷമുള്ള പ്രാണി (Poisonous insects) കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചെന്ന് വിധിയെഴുതിയ ഡോക്‌ടര്‍മാര്‍ക്കെതിരെ ബന്ധുക്കള്‍. കച്ചാരിയിലെ നായിബ് കോടതിയിലെ മന്‍പ്രീത് സിങ് (Manpreet Singh) എന്ന ഉദ്യോഗസ്ഥന്‍ മരിച്ചുവെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍, മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമായി തുടരുകയാണ് (Punjab Cop Bitten By Insect Declared Dead).
ഒരു പ്രാണി കടിക്കുകയും വിഷം ശരീരത്തില്‍ ആകെ പടരുകയും ചെയ്‌തതിനെ തുടര്‍ന്ന് മന്‍പ്രീതിനെ എയിംസ് ബാസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പിതാവും എഎസ്‌ഐയുമായ മന്‍പ്രീതിന്‍റെ അച്ഛന്‍ രാംജി പറഞ്ഞു. വിഷം പടര്‍ന്നതിനെ തുടര്‍ന്ന് കൈ നീരു വയ്‌ക്കുകയും വേദന അനുഭവപ്പെടുകയും ചെയ്‌തതിനെ തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ മന്‍പ്രീതിന് ചില മരുന്നുകള്‍ നല്‍കിയിരുന്നു.
അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നും ഉടന്‍ തന്നെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്‌ടര്‍മാര്‍ ആവശ്യപ്പെട്ടു. ശേഷം, 3-4 ദിവസം മന്‍പ്രീത് വെന്‍റിലേറ്ററിലായിരുന്നു. എന്നാല്‍ ആരോഗ്യാവസ്ഥയില്‍ മാറ്റമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേയ്‌ക്ക് മാറ്റണമെന്ന് രാംജി ഡോക്‌ടര്‍മാരോട് ആവശ്യപ്പെട്ടു.
എന്നാല്‍, മറ്റെവിടെയെങ്കിലും പ്രവേശിപ്പിക്കുന്നത് അദ്ദേഹത്തിന്‍റെ ജീവന് ആപത്താകുമെന്ന് പറഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് മന്‍പ്രീതിനെ മാറ്റുന്നതിനെ ഡോക്‌ടര്‍മാര്‍ എതിര്‍ത്തിരുന്നു. പിന്നാലെ മന്‍പ്രീത് മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിക്കുകയും ചെയ്‌തു.
തുടര്‍ന്ന് ചില പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മന്‍പ്രീതിനെ ആംബുലന്‍സില്‍ കൊണ്ടുപോകവെ പള്‍സ് ഉള്ളതായി അനുഭവപ്പെട്ടു. ഇത് മനസിലാക്കിയ രാംജി മകനെ ഉടന്‍ തന്നെ ഡിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവറോട് ആവശ്യപ്പെട്ടു.
മന്‍പ്രീതിനെ ഡിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, മന്‍പ്രീതിന്‍റെ കുടുംബം ഉന്നയിച്ച ആരോപണം എയിംസ് ബാസി അധികൃതര്‍ നിഷേധിച്ചു. മന്‍പ്രീതിനെ സ്വന്തം ഇഷ്‌ടപ്രകാരമാണ് കുടുംബം കൊണ്ടുപോയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മന്‍പ്രീത് മരിച്ചുവെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നെങ്കില്‍ ആശുപത്രിയില്‍ നിന്ന് മരണ സ്ഥിരീകരണ കുറിപ്പ് നല്‍കുമായിരുന്നില്ലേയെന്നാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം.
മരിച്ചുവെന്ന് വിധിയെഴുതിയ വ്യക്തി ജീവിതത്തിലേക്ക് : ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മരിച്ചുവെന്ന് ആശുപത്രി അധികൃതർ വിധിയെഴുതിയ ആൾ തിരികെ ജീവിതത്തിലേക്ക് എത്തിയ സംഭവം പഞ്ചാബില്‍ നിന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഹോഷിയാർപൂരിലെ രാം കോളനി ക്യാമ്പിലെ നംഗൽ ഷഹീദ് ഗ്രാമവാസിയായ ബഹദൂർ സിങ്ങാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബഹദൂർ സിങ്ങിന് ശ്വസനപ്രശ്‌നങ്ങളുണ്ടായിരുന്നു. കഠിനമായ ചുമയെത്തുടർന്ന് കുടുംബം അദ്ദേഹത്തെ ഐവിവൈ (IVY) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാല്‍ നാല് മണിക്കൂറിന് ശേഷം, ഡോക്‌ടർമാർ ബഹദൂർ സിങ് മരിച്ചെന്ന് കുടുംബത്തെ അറിയിച്ചു. എന്നാല്‍ ബില്‍ അടച്ച് ശരീരം ഏറ്റുവാങ്ങുന്നതിനിടെ ബഹദൂർ സിങ്ങിന് അനക്കമുള്ളതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇദ്ദേഹത്തെ പിജിഐ (PGI) എന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തിച്ച് മണിക്കൂറുകൾക്കകം ബഹദൂർ സിങ്ങിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു.