പുല്‍വാമ (ശ്രീനഗര്‍) : തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയിലെ അചന്‍ ഗ്രാമത്തില്‍ ഭീകരരുടെ വെടിയേറ്റ് കശ്‌മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ സഞ്‌ജയ് ശര്‍മയ്ക്കാണ് (40) ജീവന്‍ നഷ്‌ടമായത്. ഇന്ന് രാവിലെ 11 മണിയോടെ പ്രാദേശിക മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെ സഞ്‌ജയ്‌യുടെ നെഞ്ചിലേക്ക് ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.
പോയിന്‍റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സഞ്‌ജയ് ശര്‍മയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ കൂടുതല്‍ സുരക്ഷാസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഭീകരരെ കണ്ടെത്തുന്നതിനും മറ്റുമായി സേന തെരച്ചിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം സഞ്‌ജയ് ശര്‍മയുടെ കൊലപാതകത്തിന് പിന്നാലെ ഗ്രാമവാസികള്‍ നീതി ആവശ്യപ്പെട്ട് പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.
വെടിയുണ്ട കൊണ്ട് 'ഭിന്നിപ്പിക്കുന്നതെന്തിന്': തങ്ങള്‍ മുസ്‌ലിങ്ങളും, പണ്ഡിറ്റുകളും, സിഖുകളും ഒരുമിച്ച് സമാധാനത്തോടെ ജീവിക്കുമ്പോള്‍ കശ്‌മീര്‍ താഴ്‌വരയില്‍ തീവ്രവാദം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം. പ്രായഭേദമന്യേ അചന്‍ പ്രദേശക്കാര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി. ഭീകരര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചും ഭീകരപ്രവര്‍ത്തനങ്ങളെ അപലപിച്ചുമാണ് പ്രതിഷേധം മുറുകുന്നത്. അതേസമയം അനന്ത്‌നാഗ് ജില്ലയില്‍ മുസ്‌ലിം പ്രാര്‍ഥനാലയത്തിന് മുന്നില്‍ ആസിഫ് ഗനായ് എന്നയാള്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയും ആക്രമണത്തില്‍ ഇദ്ദേഹത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്‌ത് നാലുദിവസങ്ങള്‍ക്കിപ്പുറമാണ് പുല്‍വാമയില്‍ ഭീകരരുടെ ആക്രമണം.
ചോരക്കറ മായുന്നില്ല : കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ആറ് കശ്‌മീരി പണ്ഡിറ്റുകളാണ് വെവ്വേറെ ഇടങ്ങളിലായി ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ തെക്കന്‍ കശ്‌മീരിലെ ഷോപിയാന്‍ ജില്ലയില്‍ തന്‍റെ ഓര്‍ക്കിഡ് തോട്ടത്തിലേക്ക് പോയ പുരന്‍ കൃഷന്‍ ഭട്ട് എന്ന കര്‍ഷകനായ കശ്‌മീരി പണ്ഡിറ്റ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പ് ഓഗസ്‌റ്റില്‍ ഷോപിയാന്‍ ജില്ലയില്‍ തന്നെ സുനീല്‍ പണ്ഡിറ്റ് എന്നൊരാളും ഭീകരരുടെ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഭാര്യക്ക് ജമ്മു കശ്‌മീര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണറില്‍ നിന്ന് നിയമനത്തിനുള്ള കത്ത് ലഭിച്ച ദിവസം തന്നെയായിരുന്നു സുനീല്‍ മരിക്കുന്നതും.
അപലപിച്ച് രാഷ്‌ട്രീയ ലോകം : അതേസമയം സഞ്‌ജയ് ശര്‍മയുടെ മരണത്തില്‍ അനുശോചനമറിയിച്ച് രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ദക്ഷിണ കശ്‌മീരിലെ പുൽവാമ ജില്ലയിലുള്ള അചനിലെ സഞ്‌ജയ് പണ്ഡിറ്റിന്‍റെ വിയോഗം വളരെ ദുഃഖകരമാണെന്നും അത് അസന്ദിഗ്‌ധമായി അപലപിക്കപ്പെടേണ്ടതാണെന്നും ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ല ട്വിറ്ററില്‍ കുറിച്ചു. സംഭവം ഹൃദയഭേദകമാണെന്നും ഭീകരരുടെ ഭാഗത്ത് നിന്നുണ്ടായത് ബുദ്ധിശൂന്യവും ഭീരുത്വവുമായ പ്രവൃത്തിയാണെന്നും ജമ്മു കശ്‌മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ജെകെപിസിസി) അപലപിച്ചു. കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും ജെകെപിസിസി ആവശ്യപ്പെട്ടു.
കശ്‌മീരി പണ്ഡിറ്റിന്‍റെ മരണത്തില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡിപിഎപി) ചെയര്‍മാന്‍ ഗുലാം നബി ആസാദും അനുശോചനവുമായി രംഗത്തെത്തി. 'ഏതൊരു കൊലപാതകവും, പ്രത്യേകിച്ച് ലക്ഷ്യംവച്ചുള്ള കൊലപാതകം അത്യന്തം ആശങ്കാജനകവും അപലപനീയവുമാണ്' - ഗുലാംനബി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചു. ബിജെപി വക്താവ് അല്‍താഫ് ഠാക്കൂറും ആക്രമണത്തെ അപലപിച്ചിരുന്നു.